Trending

പ്രഭാത വാർത്തകൾ 2024 നവംബർ 20 ബുധൻ 1200 വൃശ്ചികം 5 പുണർതം 1446 ജ:അവ്വൽ 17


◾ കള്ളപ്പണ വിവാദം, നീല ട്രോളി വിവാദം, വ്യാജ സ്പിരിറ്റ് വിവാദങ്ങള്‍ക്ക് ശേഷം ഇരട്ടവോട്ട് വിവാദത്തിലും പരസ്യ വിവാദത്തിലും ആടിയുലയുന്ന പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന് മണിക്കൂറുകള്‍ക്കകം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഞെട്ടിച്ചതിന് പിന്നാലെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസിന്റെ മീഡിയ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഡോ.പി.സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി ഇടതുപക്ഷം പാലക്കാട് മണ്ഡലത്തില്‍ കളം പിടിച്ചു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലം ബിജെപിയിലെ പ്രമുഖ നേതാക്കള്‍ വരെ ആഗ്രഹിച്ചിട്ടും ഇത്തവണ നറുക്ക് വീണത് പാലക്കാടിന് ചിരപരിചിതനായ സി.കൃഷ്ണകുമാറിനാണ്. കൃഷ്ണകുമാറുമായും പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായും ഇടഞ്ഞ ബിജെപിയുടെ പാലക്കാട്ടത്തെ പ്രമുഖ നേതാവും സംസ്ഥാന സമിതിയംഗവുമായ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് വീണ്ടും പാലക്കാടിനെ വാര്‍ത്താതാരമാക്കി. പോളിംഗ് ദിനമായ ഇന്നും പാലക്കാട് മണ്ഡലത്തില്‍ ട്വിസ്റ്റുകളും വിവാദങ്ങളും ഉയരുമോയെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

◾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോയെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നും വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണെന്നും ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഫാസിസം ശ്രമിക്കുകയെന്നും പാലക്കാടും ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും അത് പരസ്യത്തിലൂടെയും പ്രസംഗത്തിലുടെയും ആകാമെന്നും അത് ഫാസിസ്റ്റുകളെ സഹായിക്കുകയേയുള്ളൂവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് ലോക്സഭയില്‍ പ്രതിപക്ഷ ശബ്ദം ഉയര്‍ന്നതെന്ന് പറഞ്ഞ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഇത്തരം ചെയ്തികളെ വിമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിന് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും പരലോകത്തു മാത്രമല്ല ഇവിടെയും ശിക്ഷ ലഭിക്കുമെന്നും വ്യക്തമാക്കി.  

◾ സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം നല്കിയ പത്രപരസ്യത്തിന് മുന്‍കൂര്‍ അനുമതിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സിപിഎം പരസ്യം നല്‍കിയതെന്നും റിപ്പോര്‍ട്. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

◾ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉള്‍പ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. മതം നോക്കി പരസ്യം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും 4 പത്രങ്ങളില്‍ പരസ്യം നല്‍കിയെന്നും എല്ലാ പരസ്യത്തിനും അനുമതി തേടിയിരുന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി. ആരോപണമുളളവര്‍ക്ക് പരാതി നല്‍കാമെന്നും ഞങ്ങള്‍ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

◾ സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പ്രതികരിച്ചു. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം എന്നും എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾ തിരഞ്ഞെടുപ്പിന് തലേദിവസം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ പരസ്യം നല്‍കിയ സംഭവത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നാഭിപ്രായം. പരസ്യത്തിന്റെ ഉള്ളടക്കത്തെ ന്യായീകരിച്ച് സി.പി.എം. രംഗത്തെത്തിയപ്പോള്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു പരസ്യം കൊടുക്കുന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്നും സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് വ്യക്തമാക്കി.

◾ പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ.പി. സരിനു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് തനിക്കെതിരെ സി.പി.എം നല്‍കിയ 'വിഷനാവ്' പരസ്യമെന്ന് സന്ദീപ് വാര്യര്‍. കൊട്ടിക്കലാശം കഴിഞ്ഞ് നിശബ്ദ പ്രചാരണം നടത്തുന്ന സമയത്ത് സി.പി.എമ്മിന്റെ സ്ട്രാറ്റജിസ്റ്റുകള്‍ നടത്തിയിട്ടുള്ള ഈ മണ്ടന്‍ പരിപാടി വലിയ തിരിച്ചടിയായിരിക്കുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

◾ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സി.പി.എമ്മിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തില്‍ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.

◾ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പാലക്കാട് നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്.

◾ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മര്‍ദമാണെന്നും പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചര്‍ച്ചയില്‍ കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യവാര്‍ത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായിയെന്നും ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുനമ്പം വിഷയത്തില്‍ നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

◾ കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്ന് 20 ദിവസമായിട്ടും പൊലീസ് മൊഴിയെടുക്കാത്തതില്‍ ആശങ്കയുണ്ടെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ്. പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി മൊഴിയെടുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്നിരിക്കെ എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

◾ 2025ലെ ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോര്‍ഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വരുന്ന അറിയിപ്പുകള്‍ മാത്രമേ വിശ്വസിക്കാവൂവെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി സിബിഎസ്ഇ. 2024-25 അധ്യയന വര്‍ഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണവും സിലബസില്‍ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറിയിപ്പ്.

◾ മരട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. കുറുവ സംഘാംഗം സന്തോഷ് ശെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

◾ ഈ വര്‍ഷത്തെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ലയും കരസ്ഥമാക്കി. തീരദേശത്തെ ചേര്‍ത്തുപിടിച്ചതിന് ലഭിച്ച അംഗീകാരമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി മുതല്‍ ഒപി ടിക്കറ്റിന് പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനാണ് ആശുപത്രി വികസന സമിതിയുടേ തീരുമാനം. ബി പി എല്‍ വിഭാഗത്തെ നിരക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

◾ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്നൊരു ബൃഹത് പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കമ്മീഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

◾ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയേ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതി ജയചന്ദ്രന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്നത് അമ്പലപ്പുഴയില്‍ ആയതിനാല്‍ നിയമ നടപടികള്‍ക്ക് ശേഷം കേസ് അന്പലപ്പുഴ പൊലീസിന് കൈമാറും.

◾ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

◾ മഹാരാഷ്ട്രയില്‍ ബിജെപി തോല്‍വി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപണം വിതരണം ചെയ്യാന്‍ ബി ജെ പി ഇറങ്ങിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല പറഞ്ഞു.പരാജയഭീതി പൂണ്ട ബിജെപി സംസ്ഥാനമൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുക്കേസില്‍ പങ്കാളിയായെന്ന് ബിജെപി ആരോപണം. മഹാരാഷ്ട്രയില്‍ പോളിങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണം. അതേസമയം പോളിങ്ങിന് മുമ്പ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്ന് സുപ്രിയ സുലേ വ്യക്തമാക്കി.

◾ രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഭാഷ ഹിന്ദി മാത്രമാക്കി മാറ്റിയതില്‍ വ്യാപക പ്രതിഷേധം. വെബ്‌സൈറ്റിലെ മുഴുവന്‍ വിവരങ്ങളും ഹിന്ദിയില്‍ മാത്രമാക്കി മാറ്റിയതാണ് ഹിന്ദി ഇതര ഉപയോക്താക്കളെ പ്രകോപിപ്പിച്ചത്. വെബ്‌സൈറ്റ് ഹിന്ദിയിലേക്ക് മാറിയത് സാങ്കേതിക പിഴവാണെന്ന വിശദീകരണവുമായി എല്‍.ഐ.സി അധികൃതര്‍ രംഗത്തെത്തി.

◾ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അങ്ങേയറ്റം ഗുരുതരമായ നിലയിലേക്ക് പോകവെ തലസ്ഥാനമായി ഡല്‍ഹി തുടരണോ എന്ന ചോദ്യവുമായി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡല്‍ഹിയുടെ ഇപ്പോഴത്തെ അവസ്ഥയെ മുന്‍നിര്‍ത്തിയുള്ള ചോദ്യവുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

◾ ബ്രസീലില്‍ നടക്കുന്ന ഒന്‍പതാം ജി-20 ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്ശങ്കര്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ മഞ്ഞുരുകുന്നതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

◾ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

◾ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ . ഈ വര്‍ഷം സന്ദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യന്‍ പ്രസിഡന്റ് വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാകും പുടിന്‍ ഇന്ത്യയിലെത്തുക. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.

◾ റഷ്യ-യുക്രൈന്‍ യുദ്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ ആണവനയങ്ങളിലെ പരിഷ്‌കാരത്തിന് അംഗീകാരം നല്‍കി പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുകയെന്ന് നയത്തില്‍ വ്യക്തമാക്കുന്നു.

◾ ഇസ്രായേലിലെ ടെല്‍ അവീവിലെ ഒരു പടുകൂറ്റന്‍ മാളിന് സമീപത്ത് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വളരെ വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തെ മാളിന് സമീപത്താണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. മാളിന് സമീപത്ത് നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

◾ യുക്രൈന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെയാണ് യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈല്‍ ആക്രമണം നടന്നത്. റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് ആറ് മിസൈലുകള്‍ യുക്രൈന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മിസൈലുകള്‍ ആക്രമിച്ചു തകര്‍ത്തുവെന്നും മറ്റൊന്ന് തകര്‍ന്നുവീണെന്നുംറഷ്യ വ്യക്തമാക്കി. തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തത്തമുണ്ടായിയെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വ്യോമ പ്രതിരോധ സേന അറിയിച്ചു.

◾ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശരംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്‌പേസ് എക്‌സ് സ്ഥാപകന്‍ മസ്‌കിനൊപ്പം നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണത്തിന് സാക്ഷിയായിട്ടുണ്ടായിരുന്നു.

◾ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. മെസി എത്തുന്നതിലും എഎഫ്എ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്.

◾ ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷം മൂക്കുകുത്തിയ ഇന്ത്യന്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് നാല് കമ്പനികളുടെ പ്രാരംഭ ഓഹരി വില്പന ഈ വാരം നടക്കും. എന്‍.ടി.പി.സിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി, എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്‌സ്, ലമോസെയ്ക്, സി2സി അഡ്വാന്‍സ്ഡ് സിസ്റ്റംസ് എന്നിവയാണ് ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുന്നത്. എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിയുടെ 92.5 കോടി ഓഹരികള്‍ വിറ്റഴിച്ച് വിപണിയില്‍ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്സ്സീവേജ് ട്രീറ്റ്‌മെന്റ് പ്ളാന്റുകള്‍ക്കും സീവേജ് സിസ്റ്റംസിലും വലിയ പദ്ധതികള്‍ നടപ്പാക്കുന്ന എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്‌സിന്റെ പ്രാരംഭ ഓഹരി വില്പന നവംബര്‍ 22ന് ആരംഭിക്കും. ലമോസെയ്ക് ഇന്ത്യ ഫ്ളഷ് ഡോറുകള്‍, അക്രിലിക് ഷീറ്റുകള്‍ തുടങ്ങിയവയുടെ വില്പന രംഗത്തുള്ള ലമോസെയ്ക് വിപണിയില്‍ നിന്ന് 61 കോടി രൂപയാണ് സമാഹരിക്കുന്നത്. നവംബര്‍ 21 മുതല്‍ 26 വരെയാണ് ഓഹരി വില്പന. ഓഹരിയൊന്നിന് 200 രൂപയാണ് വില.

◾ ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാന്‍ കണ്ടതാ സാറേ'. നവംബര്‍ 22 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്നു വരുണ്‍ ജി പണിക്കര്‍. കോമഡി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിള്‍, സുധീര്‍ കരമന, സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍, ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത്ത് ധന്വന്തരി, മല്ലിക സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

◾ വ്യത്യസ്തമായ പ്രമേയത്തിലും എക്സ് പശ്ചാത്തലത്തിലും ദൃശ്യാവിഷ്‌ക്കാരത്തോടും കൂടി എത്തിയ മാസ്സ്, ആക്ഷന്‍, ത്രില്ലര്‍, റിയലസ്റ്റിക്, റൊമാന്റിക് ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും. വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്നര്‍ ചിത്രം 'ഹലോ മമ്മി' നവംബര്‍ 21ന് തിയറ്ററുകളിലെത്തും. ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറര്‍ തുടങ്ങി പ്രേക്ഷകര്‍ക്കാവശ്യമായ എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും. ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

◾ അടുത്തിടെയാണ് രാജ്യത്തെ ആദ്യത്തെ സി.എന്‍.ജി ബൈക്ക് ബജാജ് ഓട്ടോ നിരത്തിലെത്തിച്ചത്. ഫ്രീഡം 125 എന്ന പേരിലെത്തിയ വണ്ടിക്ക് 95,000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയായിരുന്നു വില. ഇതിന് പിന്നാലെ രാജ്യത്തെ ആദ്യ കംപ്രസ്ഡ് ബയോഗ്യാസ് ഇന്ധനമായ വാഹനവും ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ഇപ്പോള്‍ വിപണിയിലുള്ള സി.എന്‍.ജി മോട്ടോര്‍ സൈക്കിള്‍ സി.ബി.ജി ഇന്ധനത്തിലും ഓടാന്‍ ശേഷിയുള്ളതാണ്. അതേസമയം, ഇത്തരം വാഹനം നിരത്തിലെത്തിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. ഓട്ടോമൊബൈല്‍, വ്യവസായ മേഖലകളില്‍ സി.എന്‍.ജിക്ക് പകരം ഉപയോഗിക്കാവുന്ന പുനരുപയോഗ ഇന്ധനമാണ് സി.ബി.ജി. കാര്‍ഷിക മാലിന്യം, ചാണകം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ ഉപയോഗിച്ച് അനൈറോബിക് ഡീകംപോസിഷന്‍ എന്ന പ്രക്രിയയിലൂടെയാണ് സി.ബി.ജി നിര്‍മിക്കുന്നത്. ഫ്രീഡം 125 ഇതുവരെ 27,000 വാഹനങ്ങള്‍ വിറ്റു. രണ്ട് ലിറ്റര്‍ വീതവും സി.എന്‍.ജിയും പെട്രോളും നിറക്കാവുന്ന രീതിയിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. പെട്രോളും സി.എന്‍.ജിയും ചേര്‍ന്ന് 330 കിലോമീറ്റര്‍ വാഹനത്തിന് ഓടാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

◾ എന്തിനാണ് നവവധുവായ അവന്തിക ഭര്‍തൃവീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്? കാശിനാഥന്റെ ലക്ഷ്യം എന്തായിരുന്നു? ആശുപത്രിയും കോടതിയും പൊലീസ് സ്റ്റേഷനും അന്വേഷണങ്ങളും നിറയുന്ന നോവല്‍. ആത്മകതയുടെ മേമ്പൊടി വിതറിയിരിക്കുന്നു. ഒരു ഗ്രാമത്തിന്റെയും നിഷ്‌കളങ്കരായ കുറെ മനുഷ്യരുടെയും ജീവിതചിത്രങ്ങള്‍ അനാവരണം ചെയ്യുന്നതോടൊപ്പം സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിച്ചുപോകാവുന്ന നോവല്‍. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വായനാനുഭവം. ഒരു സ്‌ത്രൈണജീവിതത്തിന്റെ വ്യത്യസ്ത നിലപാടുള്ള നോവല്‍. 'പ്രിയതമയുടെ ചാപല്യം'. ശ്രീധരന്‍ കീഴറ. ഗ്രീന്‍ ബുക്സ്. വില 380 രൂപ.

◾ പ്രായമായാലും സ്ത്രീകളില്‍ ഓര്‍മശക്തി നിലനിര്‍ത്താന്‍ ദിവസവും മുട്ട കഴിക്കുന്ന നല്ലതാണെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നാല് വര്‍ഷം നടത്തിയ പഠനത്തില്‍ ദിവസവും മുട്ട കഴിക്കുന്ന പ്രായമായ സ്ത്രീകളില്‍ സെമാന്റിക് മെമ്മറി, വെര്‍ബല്‍ ഫ്ലുവന്‍സി എന്നിവ മികച്ചതാണെന്ന് കണ്ടെത്തി. മുട്ടയില്‍ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കും. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബി6, ബി12, ഫോളിക് ആസിഡ് എന്നിവ മസ്തിഷ്‌കം ചുരുങ്ങുന്നതും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും സഹായിക്കും. 55 വയസിന് മുകളില്‍ പ്രായമായ 890 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. ഇതില്‍ 357 പുരുഷന്മാരും 533 സ്ത്രീകളും ഉള്‍പ്പെടുന്നു. എന്നാല്‍ പുരുഷന്മാരില്‍ മുട്ട കഴിക്കുന്നതു കൊണ്ട് വൈജ്ഞാനിക തകര്‍ച്ച പരിഹരിക്കുന്നതായി കണ്ടെത്താനായില്ലെന്നും ജേര്‍ണല്‍ ന്യൂട്രിയന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ മറവിരോഗം കുറയ്ക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മുട്ടയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഡോണ ക്രിറ്റ്സ്-സില്‍വര്‍സ്റ്റീന്‍ പറയുന്നു. സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന അവശ്യ പ്രോട്ടീനും മുട്ട നല്‍കുന്നുവെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയാല്‍ സമ്പന്നമാണ് മുട്ട. മുട്ടയില്‍ അടങ്ങിയ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 12, സെലിനിയം എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് പ്രധാനമാണ്.

*ശുഭദിനം*

Post a Comment

Previous Post Next Post