◾ മുനമ്പം വിഷയത്തില്‍ സമവായ നിര്‍ദേശവുമായി സര്‍ക്കാര്‍. ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. അന്തിമ തീരുമാനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ഉണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന് സര്‍ക്കാര്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്. വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്.
◾ മല്ലപ്പളളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കില്ല. വ്യക്തി എന്ന നിലയില്‍ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീല്‍ നല്‍കാമെന്നാണ് ധാരണ. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍സിന്റെ ഓഫീസ് നല്‍കിയിരികുന്ന പ്രാഥമിക നിയോമോപദേശം ഇങ്ങനെയാണ്.
◾ ഭരണഘടനാവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അന്വേഷണം നടക്കുമ്പോള്‍ സജി ചെറിയാന്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോള്‍, അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നില്‍ക്കുക എന്നതാണ് കീഴ്വഴക്കമെന്നും അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
◾ പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയില്‍ ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാന്‍ നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോള്‍ ഉള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ വിവാദം അന്വേഷിക്കും. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം.
◾ ആത്മകഥ വിവാദത്തില്‍ പ്രമുഖ സിപിഎം നേതാവ് ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി . കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഡി സി ബുക്സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാലക്കാട് തെരഞ്ഞെടുപ്പില്‍ മതവര്‍ഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണെന്നും എന്നാല്‍ മണ്ഡലത്തില്‍ 2021 ല്‍ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചുവെന്നും ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
◾ 2017 ഏപ്രില്‍ 9ന് പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നും ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമര്‍ശിച്ചു.
◾ ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത വിഷയം ഗൗരവമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.അതേസമയം, മഴയും ഈര്‍പ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
◾ ശബരിമല സുവര്‍ണാവസരം വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശബരിമലയിലെ യുവതി പ്രവേശന വിധിയെതുടര്‍ന്നുണ്ടായ പ്രതിഷേധ സമരത്തെ സുവര്‍ണാവസരം എന്ന് പാര്‍ട്ടി യോഗത്തില്‍ വിശേഷിപ്പിച്ചതിലായിരുന്നു കേസ്.
◾ കൊവിഡ് മഹാമാരിയും പ്രതിരോധത്തിനായി നല്‍കിയ വാക്സിനും കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കണമെന്ന് കെ വി തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
◾ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡുകളുടെ യൂണിറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. സെക്രട്ടറിയേറ്റ് ലയം ഹാളില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉന്നതാധികാര വിജിലന്‍സ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണകരം ആകുമോ എന്ന ചോദ്യത്തിന്,പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം എന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല. താന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നുവെന്നും ഫോണിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിനു ഭൂമി നല്‍കുന്നത് സംബന്ധിച്ച വിവാദം സന്ദീപ് വാര്യരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ എറണാകുളം വടക്കന്‍ പറവൂര്‍ മാഞ്ഞാലി എസ് എന്‍ ട്രസ്റ്റ് (SNGIST) കോളേജിന്റെ ജപ്തി ഭീഷണി താത്കാലികമായി ഒഴിഞ്ഞു. കോളേജ് വില്‍പന നടത്തി 18 കോടി രൂപയുടെ കുടിശിക തീര്‍ക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ലെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. ഇതിനിടെ കോളേജ് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും പ്രതിഷേധിച്ചു.
◾ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെതുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി.പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാ ആര്‍.ഡി.ഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.
◾ ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ സര്‍ക്കാര്‍ ജോലി വിലക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
◾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് കണ്ണൂരില്‍ വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത് . കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ഇന്നലെ വൈകുന്നേരം 6 മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു.
◾ പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.
◾ വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറാണ്(നാസര്‍ കറുത്തേനി) അറസ്റ്റിലായത്.സംഭവത്തില്‍, നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു.
◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ കുഞ്ഞ് വേണമെന്ന ആഗ്രഹത്താല്‍ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ജാമ്യം നല്‍കി കോടതി. മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റാന്‍ ദമ്പതികള്‍ നിയമവിരുദ്ധമായ മാര്‍ഗം സ്വീകരിച്ചുവെങ്കിലും നിലവില്‍ എട്ട് മാസം ജയിലില്‍ കഴിഞ്ഞ കാരണം ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
◾ തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 30 വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം. സ്‌കൂളില്‍ നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴുക്കള്‍ ഉണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
◾ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനും പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
◾ യാത്രാ വാഹനങ്ങള്‍ക്ക് നേരെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ കുറം ജില്ലയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. ന്യൂനപക്ഷമായ ഷിയാ സമുദായത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും.
◾ പുതുക്കിയ ആണവനയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഒപ്പുവെച്ചതിന് പിന്നാലെ യുക്രൈന്‍ ലക്ഷ്യമാക്കി റഷ്യന്‍ ആക്രമണം. യുക്രൈനെതിരേ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. യുക്രൈനും സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങള്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണം.
◾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
◾ ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള വരവറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്. മേഘാലയയ്‌ക്കെതിരായ കൂച്ച് ബെഹാര്‍ ട്രോഫി മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ദില്ലിക്ക് വേണ്ടി ഡബിള്‍ സെഞ്ച്വറിയടിച്ചാണ് 17 കാനായ ആര്യവീര്‍ താരമായത്. 34 ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് ആര്യവീര്‍ ഡബിളിലെത്തിയത്. ഈ പ്രകടനത്തിലൂടെ ദേശീയതലത്തില്‍ ക്രിക്കറ്റ് വിദഗ്ധരുടെ ശ്രദ്ധയാകര്‍ഷിക്കാനും ആര്യവീറിന് കഴിഞ്ഞു.
◾ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓപ്റ്റസ് സ്റ്റേഡിയം എന്ന് നിലവില്‍ റിയപ്പെടുന്ന വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്റ്റേഡിയത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താനുള്ള അവസാന പിടിവള്ളിയാണ് സീരീസ്. സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര 3-0 ന് തോറ്റത് ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 7.50 മുതല്‍ മത്സരം ആരംഭിക്കും.
◾ മലയാളി വ്യവസായി എം.എ യൂസഫലിയുടെ കീഴിലുള്ള ലുലു റീട്ടെയ്ല്‍ സെപ്റ്റംബര്‍ പാദഫലം പുറത്തുവിട്ടു. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 6.1 ശതമാനം വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചു. ഈ മാസം 14ന് ലുലു റീട്ടെയ്ല്‍ അബുദാബി സെക്യൂരിറ്റ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലുലു റീട്ടെയ്‌ലിന്റെ ആകെ വരുമാനം 15,700 കോടി രൂപയാണ്. നികുതി, പലിശ തുടങ്ങിയയ്ക്കു മുമ്പുള്ള ലാഭത്തില്‍ 9.9 ശതമാനം വര്‍ധിച്ച് 1,485 കോടി രൂപയായി. യു.എ.ഇയില്‍ നിന്നുള്ള വരുമാനത്തില്‍ 7.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ സൗദി അറേബ്യന്‍ വരുമാനം 5.7 ശതമാനമാണ് കൂടിയത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 83.5 ശതമാനമാണ് വര്‍ധിച്ചത്. 2,000 കോടി രൂപയ്ക്കടുത്താണ് ഈ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനം. കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 4.3 ശതമാനം വരുമിത്. കഴിഞ്ഞ പാദത്തില്‍ ഫ്രഷ് ഫുഡ് വിഭാഗത്തിന്റെ വളര്‍ച്ച രണ്ടക്കത്തിലേക്ക് എത്തിക്കാനും ലുലു റീട്ടെയ്‌ലിനു സാധിച്ചു. ജി.സി.സിയില്‍ 116 ഹൈപ്പര്‍മാര്‍ക്കറ്റുകളും 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും ലുലുവിനുണ്ട്. യു.എ.ഇയില്‍ 103 സ്റ്റോറുകളും സൗദി അറേബ്യയില്‍ 56 സ്റ്റോറുകളും, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ 81 സ്റ്റോറുകളും ലുലുവിനുണ്ട്.
◾ പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ഇ.ഡി(എക്സ്ട്രാ ഡീസന്റ്)' ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലൊരുങ്ങുന്ന ഇ ഡി സംവിധാനം ചെയ്തിരിക്കുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗ്രേയ്സ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികാ,പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ഇ ഡിയുടെ ചിത്രീകരണം നടന്നത്.
◾ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി. സൗബിന്‍ ഷാഹിര്‍, നവ്യ നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു. ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാല്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിര്‍വഹിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ അഗസ്റ്റിന്‍, ആത്മീയ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവര്‍ക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടന്‍ അച്യുത് കുമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
◾ എല്ലാ മോഡലുകളിലും ഇളവുകളുമായി ഹോണ്ട. നവംബര്‍ ഒന്നുമുതല്‍ 30 വരെയാണ് ഇളവുകളുടെ കാലാവധി. കോംപാക്റ്റ് സെഡാനായ അമേസിന് 1,22,000 രൂപ വരെ ഇളവുകളാണ് ഹോണ്ട നല്‍കുന്നത്. അടിസ്ഥാന മോഡലായ 'ഇ'ക്ക് 72000 രൂപയുടെ ക്യാഷ് ഡിസൗണ്ടുണ്ട്. എസ് മോഡലിന് 82000 രൂപയുടെ വിഎക്സ് മോഡലിന് 1.22 ലക്ഷം രൂപയുണ്ടേയും ഇളവുകള്‍ നല്‍കുന്നുണ്ട്. അഞ്ചാം തലമുറ സിറ്റിയുടെ ഇസഡ് എക്സ് വേരിയന്റിന് 94,000 രൂപ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസഡ് എക്സ് മോഡല്‍ ഒഴിച്ചുള്ള മോഡലുകള്‍ക്ക് 84,000 രൂപ വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. സിറ്റിയുടെ ഹൈബ്രിഡ് മോഡലിന് 90,000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനമായ എലിവേറ്റിന് 75,000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ഇസഡ് എക്സ് മോഡലിന് 75,000 രൂപയും ഇസഡ് എക്സ് ഒഴികെയുള്ള മോഡലുകള്‍ക്ക് 65000 രൂപയും അപെക്സ് എഡിഷന് 55,000 രൂപയുമാണ് ഇളവുകള്‍ നല്‍കുന്നത്.
◾ പ്രണയകഥകള്‍ അനവധി ഉണ്ടായിരിക്കെ, എല്ലാ പ്രണയവും വിപ്ലവമായിരിക്കെ അമൃത ഇംറോസ് പ്രണയകഥ ഒരു ഇതിഹാസമാണ്. ഇതൊരു കെട്ടുകഥയോ വാമൊഴിയോ അല്ല, യഥാര്‍ത്ഥ ജീവിതമായിരുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കും. മുന്‍ധാരണകളുടെ ഭാരമില്ലാതെ ഈ പ്രണയക്കടലില്‍ ജ്ഞാനസ്‌നാനം ചെയ്യുക, പ്രണയത്താല്‍ നിങ്ങളുടെ സിരകളെ നിറയ്ക്കുക. പ്രശസ്ത എഴുത്തുകാരി അമൃത പ്രീതത്തിന്റെയും ചിത്രകാരനും കവിയുമായ ഇംറോസിന്റെയും അത്യപൂര്‍വ്വമായ സഹജീവനത്തിന്റെ കഥ. പ്രണയത്തെ അതിന്റെ എല്ലാ വിശാലതയോടും സ്വാതന്ത്ര്യത്തോടും അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ ജീവിതം. 'അമൃത ഇംറോസ് പ്രണയകഥ'. ഉമ ത്രിലോക്. പരിഭാഷ: കൃഷ്ണവേണി. മാതൃഭൂമി. വില 153 രൂപ.
◾ പകല്‍ സമയത്ത് അമിതമായി ഉറങ്ങുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉന്മേഷം ഇല്ലാതാവുകയോ ചെയ്യുന്നത് പ്രായമായവരില്‍ മോട്ടോറിക് കോഗ്നിറ്റീവ് റിസ്‌ക് (എംസിആര്‍) എന്ന പ്രീ ഡിമെന്‍ഷ്യ സിന്‍ഡ്രോം വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും. ഇത് ഡിമെന്‍ഷ്യയായി പുരോഗമിക്കാമെന്നും ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഓര്‍മക്കുറവ്, മന്ദഗതിയിലുള്ള നടത്തം തുടങ്ങിയവ എംസിആറിന്റെ ചില ലക്ഷണങ്ങളാണ്. പ്രായമായവര്‍ അമിതമായി പകല്‍ ഉറങ്ങുന്നത് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗനിര്‍ണയം നേരത്തെ നടത്തുന്നത് സിമെന്‍ഷ്യ വികസിക്കുന്നതില്‍ നിന്ന് തടയുന്നതിനും ലഘൂകരിക്കുന്നതിനും സഹായിക്കും. 65ന് മുകളില്‍ പ്രായമായ ഡിമെന്‍ഷ്യ ഇല്ലാത്ത 445 ആളുകളെ പഠനത്തിന് വിധേയമാക്കി. പഠനകാലയളവില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഒരിക്കല്‍ അവരുടെ ഓര്‍മകള്‍ വീണ്ടെടുക്കാനുള്ള കഴിവ്, ഉറക്കരീതികള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി. അവരുടെ നടത്തത്തിന്റെ വേ?ഗതയും ട്രെഡ്മില്ലുകളുടെ സഹായത്തോടെ മൂന്ന് വര്‍ഷം ട്രാക്ക് ചെയ്തു. അമിതമായ പകല്‍ ഉറക്കവും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉന്മേഷക്കുറവും പ്രകടിപ്പിച്ച 35.5 ശതമാനം ആളുകളിലും എംസിആര്‍ വികസിച്ചതായി ഗവേഷകര്‍ പറയുന്നു. ചില ആളുകളില്‍ അമിതമായി ഉറങ്ങുന്നതും പകല്‍ സമയത്ത് മന്ദത അനുഭവപ്പെടുന്നതും എംസിആറിന്റെ ആദ്യകാല ലക്ഷണങ്ങളാകാമെന്ന് പഠനം സൂചിപ്പിക്കുന്നു. എംസിആര്‍ ഉള്ളവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത സാധാരണ ആളുകളെക്കാള്‍ മൂന്നിരട്ടി കൂടുതലാണ്, പ്രത്യേകിച്ച് വാസ്‌കുലര്‍ ഡിമെന്‍ഷ്യ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് വാസ്‌കുലര്‍ ഡിമെന്‍ഷ്യയ്ക്ക് കാരണം. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ന്യൂറോളജിയില്‍ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ കടയിലെത്തി കോഴിയിറച്ചി ആവശ്യപ്പെട്ടു. ഫ്രീസറില്‍ ആകെയുണ്ടായിരുന്ന കോഴിയിറച്ചി ത്രാസില്‍ വെച്ചിട്ട് അയാള്‍ പറഞ്ഞു: ഒന്നരക്കിലോയുണ്ട്. ഇതിനേക്കാളും തൂക്കമുളളതുണ്ടോ? അയാള്‍ ആ കോഴിയെ ഫ്രീസറില്‍ വെക്കുന്നതായി അഭിനയിച്ച് ആ കോഴിയെ തന്നെ തിരികെയെടുത്തു. എന്നിട്ട് ത്രാസില്‍ വെച്ച് വിരല്‍ അമര്‍ത്തിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു: രണ്ടു കിലോ. വിനയത്തോടെയുളള അയാളുടെ പെരുമാറ്റം ഇഷ്ടപ്പെട്ട വയോധിക പറഞ്ഞു: എങ്കില്‍ രണ്ടെണ്ണവും പാക്ക് ചെയ്‌തോളൂ.. ഉത്തരങ്ങളില്ലാതെ അയാള്‍ തലതാഴ്ത്തി. സ്വഭാവദാര്‍ഢ്യം അലങ്കാരമല്ല. അടിത്തറയാണ്. അലങ്കാരങ്ങളെല്ലാം കാലപ്പഴക്കത്തിലോ പ്രതികൂല സാഹചര്യത്തിലോ തകര്‍ന്നുവീഴും. അടിത്തറ അതങ്ങിനെ തന്നെ നിലനില്‍ക്കും. ഇരുട്ടിലും വെളിച്ചത്തിലും അവര്‍ക്ക് ഒരേ പെരുമാറ്റമായിരിക്കും. അവര്‍ നേട്ടങ്ങള്‍ക്കനുസരിച്ച് ചുവട് മാറില്ല. ലാഭം, നഷ്ടം തുടങ്ങിയ വാക്കുകള്‍ തങ്ങളുടെ സത്യസന്ധതയ്‌ക്കോ സന്മാര്‍ഗ്ഗത്തിനോ വിലയിടാന്‍ അവര്‍ സമ്മതിക്കില്ല. ഒന്ന് നമുക്കോര്‍ക്കാം.. എല്ലാവര്‍ക്കും മതിപ്പുവിലയുണ്ട്. സ്വന്തം മനോഭാവവും നിലപാടുകളും പ്രവര്‍ത്തനശൈലിയുമാണ് ആ വില തീരുമാനിക്കുന്നത്. ഒരായുസ്സിന്റെ ശ്രമഫലമാണ് ആ മതിപ്പുവില. നമ്മുടെ മതിപ്പുവില നമുക്കു തീരുമാനിക്കാം - ശുഭദിനം.