◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം പകപോക്കല്‍ നടപടി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സ്മാര്‍ട്ട് സിറ്റി പദ്ധതി നിന്നു പോകില്ലെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടല്‍ അല്ല ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുകയാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണെന്നും അമിത് ഷാ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നും കൂടുതല്‍ വിനിയോഗ സാധ്യത ഉള്ള അധിക സഹായം ആണ് വയനാടിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാന്‍ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മല്‍ഹോത്രയെ നിയമിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മല്‍ഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
◾ മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക് ഏര്‍പ്പെടുത്തി മുസ്ലിം ലീഗ് നേതൃത്വം. കെ.എം.ഷാജിക്ക് പിന്നാലെ ഇ ടി മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വാദവുമായി രംഗത്തുവന്നതോടെയാണ് ലീഗിന്റെ വിലക്ക്. മുനമ്പം ഭൂമി പ്രശ്നത്തില്‍ പാണക്കാട് തങ്ങള്‍ ഇടപെട്ടത് ചൂണ്ടിക്കാട്ടി കെ എം ഷാജി തന്റെ വാദം ആവര്‍ത്തിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് നേതൃത്വം ആദ്യം ഈ നേതാക്കള്‍ പറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്നും പിന്നീട് പരസ്യപ്രസ്താവനകള്‍ വിലക്കുന്നതായും അറിയിച്ചത്.
◾ സമസ്തയില്‍ രണ്ടു വിഭാഗമില്ലെന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറത്തുവെച്ചു നടന്ന ലീഗ്- സമസ്ത സമവായ ചര്‍ച്ചയ്ക്കു ശേഷം നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കാതെയാണ് ചര്‍ച്ച അവസാനിച്ചത്.
◾ കേരളത്തില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങി ബിജെപി. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പറേഷനും 250 പഞ്ചായത്തുകളും പിടിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ഈ വിജയങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പത്തുലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുക.
◾ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും. ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയില്‍ പ്രവേശിച്ച വാര്‍ത്ത പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകള്‍ തീര്‍ക്കുന്നതെന്നും ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
◾ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വെഞ്ഞാറമൂടില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
◾ 63-ാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് കലോത്സവം നടത്തും. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
◾ കായംകുളത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മാളിയേക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജന്‍ കളത്തില്‍ വീണ്ടും സിപിഎമ്മില്‍. കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ ഇദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഇനി സിപിഎമ്മില്‍ തന്നെ സജീവമായി ഉണ്ടാകുമെന്നും രാജന്‍ പറഞ്ഞു.
◾ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കു മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസില്‍ ജാമ്യത്തിലാണിപ്പോള്‍.
നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം. പ്രഫസര്‍ സജി കേസിലെ പ്രതികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റല്‍ മുറിയില്‍ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിന്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്.
◾ അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരെയുള്ള തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
◾ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരില്‍നിന്ന് എസ്.എസ്.എല്‍.സിയും പത്തു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കായുള്ള 29% ക്വാട്ടയില്‍ അധികയോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് നോട്ടീസ്.
◾ 1991-ലെ ആരാധനാലയ നിയമം റദ്ദാക്കുന്നതിനെതിരെ സി.പി.എം സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം ഇന്ത്യയുടെ മതേതര അടിത്തറ സംരക്ഷിക്കുന്നതാണെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ സി.പി.എം. ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
◾ നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍. മനഃപൂര്‍വ്വമല്ലാത്ത പിഴവ് സംഭവിച്ചുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
◾ സംവരണം മതാടിസ്ഥാനത്തില്‍ ആകരുത് എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളില്‍ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
◾ മുംബൈയിലെ കുര്‍ളയില്‍ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
◾ മണിപ്പുര്‍ കലാപത്തില്‍ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്കും പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികളും വിശദീകരിക്കാന്‍ മണിപ്പുര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചിന്റെതാണ് നിര്‍ദേശം. അക്രമം തടയുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാനത്തിന്റെ പ്രഥമ പരിഗണനയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
◾ രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തില്‍ എത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ തമിഴ്നാട് സര്‍ക്കാരിന്റെ കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തോഗെയ് പദ്ധതിയില്‍ നിന്ന് 1.27 ലക്ഷം സ്ത്രീകള്‍ പുറത്തായി. കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച പദ്ധതിയില്‍ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം ആണ് ലഭിച്ചിരുന്നത്. ഏറിയ പങ്കും ഗുണഭോക്താക്കള്‍ പുറത്തായത് മരണത്തെ തുടര്‍ന്നാണെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
◾ ഒഡിഷയിലെ ബാലികുഡയിലെ 252 അംഗനവാടികളില്‍ വിതരണം ചെയ്തത് പുഴുക്കളും ക്ഷുദ്ര ജീവികളും ഓടി നടക്കുന്ന ഗോതമ്പും ഛത്വ മാവും. പ്രത്യേക പോഷകാഹാര പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോരായ്മകളേക്കുറിച്ച് പരാതി പതിവാകുമ്പോഴാണ് ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കാനാവാത്ത ഉത്പന്നങ്ങള്‍ അംഗനവാടികളിലേക്ക് വീണ്ടുമെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്തും.
◾ പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ - മുഖ്യമന്ത്രി സംഘര്‍ഷത്തിന് മഞ്ഞുരുക്കം. ഒരിടവേളയ്ക്കുശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാല്‍ മണിക്കൂറോളം ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിന്റെ സൂചനകള്‍ പ്രകടമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ യുഎസിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ യൂണിറ്റ് സിഇഒ ബ്രയന്‍ തോംസണിന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെന്‍സില്‍വേനിയയിലെ ആല്‍ട്ടൂണ എന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഈയാളുടെ പക്കല്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്കും, വ്യാജരേഖകളും കണ്ടെടുത്തു.
◾ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവരും പോയിന്റില്‍ 6-6 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.
◾ ആഗോള തലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുതാഴെ ഇന്ത്യയാണെന്ന് 'യുബിഎസ് ബില്യണയര്‍ അംബീഷ്യന്‍സ്' റിപ്പോര്‍ട്ട് പറയുന്നു. 835 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് മുന്നിട്ടുനില്‍ക്കുന്നത്. 427 പേരുമായി രണ്ടാം സ്ഥാനത്താണ് ചൈന. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 2024ല്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനുള്ളില്‍ 32 പുതിയ പേരുകള്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്ത് മൊത്തം 185 ശതകോടീശ്വരന്മാരാണ് ഉള്ളത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷം കൊണ്ട് 21 ശതമാനം വര്‍ധന. 2015 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായി. 123 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 42.1 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം സമ്പത്ത് 90,560 കോടി ഡോളറിലെത്തി.
◾ പുഷ്പക്ക് ശേഷമെത്തുന്ന രശ്മികയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗേള്‍ഫ്രണ്ട്'. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഫീല്‍ ഗുഡ് ഡ്രാമ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചി ലാ സൗ, മന്‍മധുഡു 2 എന്നെ സിനിമകള്‍ക്ക് ശേഷം രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ഗേള്‍ഫ്രണ്ട്'. നടന്‍ വിജയ് ദേവരകൊണ്ടയാണ് ടീസറില്‍ രശ്മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോളേജ് കാലഘട്ടവും പ്രണയവും കൂടിക്കലര്‍ന്ന ഒരു കഥാപശ്ചാത്തലമാകും സിനിമയുടേതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും. ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത്.
◾ തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' ട്രെയിലര്‍ പുറത്തിറങ്ങി. ഓരോ സെക്കന്‍ഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സില്‍ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
◾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2024 ഡിസംബറില്‍ എസ്യുവി ലൈനപ്പിലുടനീളം സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ വര്‍ഷാവസാന ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു . ഈ ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, അധിക ആക്‌സസറി പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ലൈഫ്‌സ്റ്റൈല്‍ ഓഫ്-റോഡര്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്നു. ഥാര്‍ എര്‍ത്ത് എഡിഷന്റെ മൊത്തം കിഴിവുകളും ആനുകൂല്യങ്ങളും 3.06 ലക്ഷം രൂപയാണ്. ഉയര്‍ന്ന സ്‌പെക്ക് എല്‍എക്‌സ് ഹാര്‍ഡ്‌ടോപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എര്‍ത്ത് എഡിഷന്‍. 15.40 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് ഈ പതിപ്പിന്റെ വില. അതേസമയം 14.30 ലക്ഷം മുതല്‍ 17.20 ലക്ഷം രൂപ വരെ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് ഥാര്‍ 4ഡബ്ളിയുഡി ശ്രേണിയില്‍ വാങ്ങുന്നവര്‍ക്ക് 1.06 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. മഹീന്ദ്ര ഥാര്‍ 3-ഡോറിന്റെ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന 2ഡബ്ളിയുഡി പതിപ്പുകള്‍ക്ക് ഡിസംബറില്‍ 1.31 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവുകള്‍ ലഭിക്കുന്നു. അതേസമയം, ഡീസല്‍ 2ഡബ്ളിയുഡി പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ 56,000 രൂപയാണ്. നിലവില്‍ 11.35 ലക്ഷം മുതല്‍ 14.10 ലക്ഷം വരെയാണ് ഥാര്‍ 2ഡബ്ല്യുഡി ശ്രേണിയുടെ വില.
◾ അസാധാരണമായ ഒരു പ്രണയത്തിന്റെ അതുല്യമായ ആഖ്യാനം. ആത്മാംശം കലര്‍ന്ന സന്ദര്‍ഭങ്ങളും സംഭവഗതികളും കൊണ്ട് വൈകാരികത മുറ്റിനില്ക്കുന്ന ഭാവാന്തരീക്ഷം. ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന ഭാഷാവിഷ്‌കാരം. പൊതുസമൂഹം ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന സ്നേഹബന്ധങ്ങളിലേക്കുള്ള ക്ഷണം. ദുരന്തപര്യവസായിയെങ്കിലും വായനയെ ഊഷ്മളമാക്കുന്ന കഥാഗതി. 'കുത്താണ്ടവര്‍'. മൂന്നാം പതിപ്പ്. വേണുഗോപാലന്‍ കോക്കോടന്‍. ഡിസി ബുക്സ്. വില 361 രൂപ.
◾ പതിവായി തുളസിയില കഴിക്കുന്നത് ജലദോഷം, പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ശ്വാസനാളിയിലെ വീക്കം കുറയ്ക്കാനും കഫക്കെട്ട് ഇല്ലാതാക്കാനും ആസ്തമ, ബ്രോങ്കൈറ്റിസ്, ചുമ തുടങ്ങിയവയില്‍നിന്ന് ആശ്വാസമേകാനും തുളസി സഹായിക്കും. ഒരു അഡാപ്റ്റോജന്‍ ആയ തുളസി, കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ പതിവായി തുളസിയില കഴിച്ചാല്‍ മതി. ഉദരത്തിലെ ആസിഡുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ദഹനം എളുപ്പമാക്കാന്‍ തുളസി സഹായിക്കും. ബ്ലോട്ടിങ്ങ് അഥവാ വയറുകമ്പിക്കല്‍ കുറയ്ക്കാനും ഇതിനു കഴിവുണ്ട്. തുളസിയുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉദരത്തിലെ ബാക്ടീരിയകളുടെ സന്തുലനത്തിനും അങ്ങനെ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ തുളസി, രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാന്‍ തുളസി സഹായിക്കും. കരളിന്റെയും വൃക്കകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാണ്. തുളസിയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍, സന്ധിവേദനയും വീക്കവും കുറയ്ക്കും. മുഖക്കുരു, എക്സിമ, ചര്‍മ്മത്തിലെ മറ്റ് അണുബാധകള്‍ ഇവ അകറ്റാന്‍ ആന്റിബാക്ടീരിയല്‍, ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള തുളസിക്ക് കഴിയും. വായിലെ അണുബാധകള്‍ തടയാനും വായ്നാറ്റം കുറയ്ക്കാനും ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള തുളസിയിലയ്ക്ക് കഴിയും.