Trending

പ്രഭാത വാർത്തകൾ 2024 ഡിസംബർ 12 വ്യാഴം 1200 വൃശ്ചികം 27 അശ്വതി 1446 ജ: ആഖിർ 10


◾ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

◾ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് കുമരകത്ത്. കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിന്‍ തമിഴ്നാട് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. തന്തൈ പെരിയാര്‍ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമാണ് സ്റ്റാലിന്‍ കേരളത്തില്‍ എത്തിയത്.

◾ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതില്‍ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങി. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ദേവസ്വം ഓഫീസര്‍ അടക്കമുളളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ മനഃപൂര്‍വമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറഞ്ഞു. മാനദണ്ഡങ്ങള്‍ ലംഘിച്ച് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

◾ ജിഫ്രി മുത്തുകോയ തങ്ങള്‍ സമസ്ത മുശാവറ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്. അധ്യക്ഷന്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് സംഭവം.

◾ ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.

◾ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം എല്‍ ഡി എഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ശശി തരൂര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അവതരിപ്പിച്ച ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെ വയനാട് വിഷയം അടക്കം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എംപി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്ന് പറഞ്ഞ ശശി തരൂര്‍ കേരളം പോലെ പ്രളയ സാഹചര്യം ആവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന ഒന്നും പുതിയ ബില്ലിലില്ലെന്നും കുറ്റപ്പെടുത്തി. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ലെന്നും എംപിമാരെ കേള്‍ക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയ തരൂര്‍ ബില്‍ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും പറഞ്ഞു.

◾ കാര്‍ഷിക, കാര്‍ഷികേതര നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടുന്നതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നിര്‍മാണ രംഗത്തെ ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നല്‍കുമ്പോള്‍ മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. വെറും 292 രൂപയാണ് മധ്യപ്രദേശിലെ നിര്‍മാണ രംഗത്തെ ഒരു തൊഴിലാളിക്കുള്ള പ്രതിദിന വേതനം. 

◾ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരാന്‍ മറ്റൊരു നടി കൂടി അപേക്ഷ നല്‍കി. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

◾ കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവര്‍ പ്രശാന്തും യാത്ര ചെയ്ത കാറില്‍ നിന്ന് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചു. വാളയാറിലെ പൊലീസ് പരിശോധനയില്‍ കാറിലെ ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ 500 രൂപയുടെ 100 നോട്ടുകളടങ്ങിയ കെട്ടുകള്‍ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.

◾ ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്.

◾ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് കയ്യേറി സമര പന്തല്‍ കെട്ടിയ സംഭവത്തില്‍ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫീസ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതാക്കള്‍ അടക്കം 150പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുവഴിയിലുള്ള ഗതാഗതം തടസപ്പെടുത്തിയതിനും നടപ്പാത കയ്യേറി കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് കേസ്.

◾ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച തോട്ടട ഐടിഐയിലെ എസ് എഫ് ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസറ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണീ അക്രമമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

◾ മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂര്‍ പഴയങ്ങാടിയില്‍ എം.കെ രാഘവന്‍ എംപി അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. രാഘവന്‍ അനുകൂലികളുടെ പ്രകടനം ഒരു വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. എംപിക്കെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പ്രകടനം തടഞ്ഞത്.  

◾ ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചു. പറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

◾ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ കോഴിക്കോട് യുവാവിന് ജീവന്‍ നഷ്ടമായ അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന തെളിവ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിന്റെ ഫോണില്‍ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ഉടമകള്‍ വാഹനം മാറ്റി പറയുകയായിരുന്നു. ബെന്‍സ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ച ആല്‍വിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

◾ ഗതാഗത നിയമങ്ങള്‍ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ബീച്ച് റോഡില്‍ പ്രമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

◾ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ ഇതിലൂടെ കള്ള കേസുകള്‍ നല്‍കുന്നുവെന്നുമാണ് സുപ്രീം കോടതി വിമര്‍ശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി നിര്‍ദേശിച്ചു.

◾ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും റയില്‍വേ സ്വകാര്യവത്കരണമെന്നത് സര്‍ക്കാര്‍ അജണ്ടയിലില്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം നുണകള്‍ പ്രചരിപ്പിക്കരുതെന്ന് കൂപ്പുകൈകളോടെ പറയുകയാണെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു. 3000 റയില്‍വേ സ്റ്റേഷനുകള്‍ മോദിയുടെ കാലത്ത് ഡിജിറ്റല്‍ സ്റ്റേഷനുകളായെന്നും കൂട്ടി ഇടി ഒഴിവാക്കാനുള്ള കവച് കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു. 2026 ജൂലൈയോടെ കവച് സംവിധാനം എല്ലായിടത്തും ലഭ്യമാകുമെന്നും പുതിയ വേര്‍ഷനാണ് എല്ലായിടത്തും ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

◾ ഗുജറാത്തില്‍ 5 ആശുപത്രികളെ ഡീബാര്‍ ചെയ്തു.ഇന്‍ഷ്വുറന്‍സ് തുക തട്ടിയെടുക്കാനായി രോഗമില്ലാത്തവര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയടക്കം നടത്തുകയും 2 പേര്‍ മരണപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ആശുപത്രികളെ ഡീബാര്‍ ചെയ്തത്.പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, മാ യോജന പദ്ധതികളിലടക്കം നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് ഡോക്ടര്‍മാരെയും ഡീബാര്‍ ചെയ്തിട്ടുണ്ട്.

◾ റഷ്യയുടെ മുന്‍കൂര്‍ മുന്നറിയിപ്പ് റഡാര്‍ സംവിധാനം വൊറോനെഷ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. റഷ്യയുടെ റഡാര്‍ സംവിധാനം സ്വന്തമാക്കാന്‍ 4 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവിടുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾ കളിച്ചുകൊണ്ടിരിക്കേ, തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ദൗസയിലെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. 55 മണിക്കൂറാണ് രക്ഷാപ്രവര്‍ത്തനം നീണ്ടത്.

◾ ഭര്‍ത്താവിന്റെ വായ്പകള്‍ അടച്ചുതീര്‍ക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു.

◾ മസ്ജിദ് സര്‍വെയെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ സംഭലിലും ബുള്‍ഡോസര്‍ പ്രയോഗം. അനധികൃതമായി നിര്‍മ്മിച്ചെന്ന് ആരോപിച്ച് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ സംഭലിലെ കെട്ടിടങ്ങള്‍ ഇന്നലെ രാത്രി ഇടിച്ചു നിരത്തി. ചില വീടുകള്‍ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നും അധികൃതര്‍ വിശദീകരിച്ചു. സംഭല്‍ എം പി സിയ ഉര്‍ റഹ്‌മാന്റെ വീടിന് സമീപത്തും പരിശോധനകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

◾ സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ മെറ്റയുടെ വാട്‌സാപ്പും ഫെയ്‌സ്ബുകും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ലോകവ്യാപകമായി പണിമുടക്കി. അതേസമയം വിഷയത്തില്‍ മെറ്റ ഇതുവരെ ഔദ്യോഗികപ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയടക്കം കൊല്ലപ്പെട്ടു. ബുധനാഴ്ച കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്ഫോടനത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

◾ സിറിയയില്‍ ഭരണം പിടിച്ചെടുത്തതോടെ ഹയാത് തഹ്രീര്‍ അല്‍ഷാമിനെ (എച്ച് ടി എസ്) ഭീകരവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്കയും യു എന്നുമടക്കം നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള വിമതരുടെ ശ്രമം വിജയത്തിലേക്കെന്നാണ് സൂചന. അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ പണ്ട് അമേരിക്ക തന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച് ടി എസ്. എച്ച് ടി എസിന്റെ നേതാവ് അബു മൊഹമ്മദ് അല്‍ ജുലാനി ഇറാഖില്‍ അല്‍ ഖ്വയ്ദക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജുലാനിയുടെ തലക്ക് അമേരിക്ക നേര്ത്തെ പത്തുകോടി ഡോളര്‍ വിലയിട്ടിരുന്നു.

◾ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍. അഞ്ചു മണിക്കൂര്‍ നീണ്ട നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. 

◾ 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ. ഇക്കാര്യം. ഫിഫ ഇന്നലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി വേദിയൊരുക്കും. 2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി.

◾ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 300 കോടി കോടി ഡോളര്‍ (ഏകദേശം 25,500 കോടി രൂപ) കടമെടുക്കുന്നു. അടുത്ത വര്‍ഷം കാലാവധി അവസാനിക്കാനിരിക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാനായാണ് കടമെടുക്കുന്നതെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി വിവിധ ബാങ്കുകളുമായി റിലയന്‍സ് ചര്‍ച്ച നടത്തി വരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആറോളം ബാങ്കുകളുമായാണ് വായ്പയ്ക്കായി ചര്‍ച്ച നടത്തുന്നത്. കൂടുതല്‍ വായ്പാദാതാക്കളെ ഉള്‍പ്പെടുത്തി 2025 ന്റെ ആദ്യ പകുതിയില്‍ തന്നെ വായ്പയ്ക്കായി ധാരണയിലെത്താനാണ് പദ്ധതി. വായ്പാ നിബന്ധനകളെ കുറിച്ച് ഇത് വരെ തീരുമാനിച്ചിട്ടില്ല. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം കടം 3.36 ലക്ഷം കോടി രൂപയാണ്. ഇതില്‍ പലിശയുള്‍പ്പെടെ 290 കോടി ഡോളറിന്റെ (ഏകദേശം 24,600 കോടി രൂപ) കടം 2025ല്‍ തിരിച്ചടയ്‌ക്കേണ്ടതാണ്. വായ്പ അംഗീകരിച്ചാല്‍, 2023 ന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അന്താരാഷ്ട്ര വായ്പാദാതാക്കളില്‍ നിന്നെടുക്കുന്ന ആദ്യ വായ്പയാകും ഇത്. അന്ന് 800 കോടി ഡോളറാണ് വായ്പയെടുത്തത്.

◾ മോഹന്‍ലാല്‍ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ബറോസ്' ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് 'ബറോസി'ന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ബറോസ് സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തതായി അക്ഷയ് കുമാര്‍ പറഞ്ഞു. ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് തന്നെ ത്രിഡിയിലാണ്. ബറോസിന്റെ മലയാളം ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായി ബറോസ് തിയറ്ററിലെത്തും. ബറോസിന്റെ ഹിന്ദി പതിപ്പിന്റെ റിലീസ് ഡിസംബര്‍ 27നാണ്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.

◾ 'ഗ്രേമാന്‍' എന്ന സിനിമയിലൂടെ ഹോളിവുഡിന്റെ ഹൃദയം കവര്‍ന്ന നടനാണ് ധനുഷ്. ചിത്രത്തിലെ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ഹോളിവുഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമേരിക്കന്‍ നടി സിഡ്നി സ്വീനിക്കൊപ്പം താരം ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ട്രീറ്റ് ഫൈറ്റര്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം. സോണിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും. 2018 ല്‍ പുറത്തിറങ്ങിയ 'ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍' ആയിരുന്നു ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. 2022 ലാണ് നെറ്റ്ഫ്ളിക്സ് ചിത്രമായ ദി ഗ്രേമാനില്‍ അഭിനയിച്ചത്. തന്റെ മൂന്നാം സംവിധാന സംരംഭമായ 'ഇഡ്‌ലി കടൈ'യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം.

◾ 2024 ഡിസംബറില്‍ സ്‌കോഡ കുഷാക്ക് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് രണ്ട് ലക്ഷത്തിലധികം രൂപ ലാഭിക്കാം. സ്‌കോഡ കുഷാക്കിന്റെ മുന്‍നിര വകഭേദങ്ങളില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭ്യമാണ്. ഇതിന് പുറമെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകളും കാറിലുണ്ട്. മുന്‍നിര മോഡലിന് 10.89 ലക്ഷം മുതല്‍ 18.79 ലക്ഷം രൂപ വരെയാണ് സ്‌കോഡ കുഷാക്കിന്റെ എക്‌സ് ഷോറൂം വില. സ്‌കോഡ കുഷാക്കില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. ആദ്യത്തേതില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ പരമാവധി 115 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേതില്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്, അത് പരമാവധി 150 ബിഎച്ച്പി പവര്‍ സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. ക്രാഷ് ടെസ്റ്റുകളില്‍ 5േ-സ്റ്റാര്‍ റേറ്റിംഗ് നേടിയ 5-സീറ്റര്‍ കാറാണ് സ്‌കോഡ കുഷാക്ക്.

◾ വിസ്മയങ്ങളുടെ വന്‍കരയിലൂടെയുള്ള ജീവിതസഞ്ചാരമാണ് ഈ കവിതകളിലൂടെ നമുക്ക് നടത്താന്‍ കഴിയുന്നത്. പൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓര്‍മ്മകളും രഹസ്യമറിഞ്ഞ മീന്‍കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പല്ലുകള്‍ തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല്‍ നീറാത്ത മുറിവും സഞ്ചിയാകളിലെ പുളിങ്കുരുവും കഥ ചെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്ള വാക്കിനുമേലേ പറന്നിരിക്കുന്ന പച്ചക്കുതിരയും ആകാശത്തേക്കുള്ള കുറുക്കുവഴിയും ചെമ്പകമണമുള്ള പകലോര്‍മ്മയും ഈ കവിതകളിലുണ്ട്. 'മഴയുറുമ്പുകളുടെ രാജ്യം'. അശ്വതി ശ്രീകാന്ത്. സൈകതം ബുക്സ്. വില 104 രൂപ.

◾ സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് ഉള്ളവരില്‍ തണുപ്പ് സമയത്ത് വേദന അതികഠിനമാകാനുള്ള സാധ്യതയുണ്ട്. സന്ധികളുടെ ചലനം സുഗമമാക്കാന്‍ സഹായിക്കുന്ന ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കുന്ന സിനോവിയല്‍ ദ്രാവകത്തിന്റെ കട്ടി തണുത്ത കാലാവസ്ഥയില്‍ കൂടുന്നതാണ് ശൈകാല്യത്ത് സന്ധിവാതം തീവ്രമാകാനുള്ള പ്രധാനകാരണം. സിനോവിയല്‍ ദ്രാവകത്തിന്റെ കട്ടി കൂടുന്നത് സന്ധികളെ ദൃഢമാക്കുകയും വേദനയുണ്ടാക്കുകയും ചലനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തണുത്ത കാലാവസ്ഥയില്‍ വ്യായാമം മുടങ്ങുന്നതും സന്ധിവാതത്തെ തീവ്രമാക്കാം. ഇത് പേശികള്‍ ദുര്‍ബലമാകാനും സന്ധികളുടെ കാഠിന്യത്തിനും ഇത് കാരണമാകും. സന്ധിവാതം തീവ്രമാകാനുള്ള മറ്റൊരു കാരണം വിറ്റാമിന്‍ ഡിയുടെ അഭാവമാണ്. ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനം കുറയ്ക്കാം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ശരീരവേദന, ക്ഷീണം, അലസത എന്നിവയിലേക്ക് നയിക്കാം. ഇത് രോഗപ്രതിരോധ സംവിധാനം തകിടം മറിക്കാം. ശരീരം ചൂടായി സംരക്ഷിക്കുന്നത് സന്ധിവാതം കുറയ്ക്കാന്‍ സഹായിക്കും. റൂം ഹീറ്ററുകള്‍, കമ്പിളി വസ്ത്രങ്ങള്‍, ശൈത്യകാല വസ്ത്രങ്ങള്‍ തുടങ്ങിയവ ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. തണുത്ത കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്ന ശീലം കുറയാന്‍ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ ജലാംശം കുറയാനും സിനോവിയല്‍ ദ്രാവകത്തിന്റെ കട്ടി കൂടാനും കാരണമാകും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വേദനയും കാഠിന്യവും കുറയ്ക്കും. തണുത്ത കാലാവസ്ഥയില്‍ യോഗ, സ്ട്രെച്ചിങ് തുടങ്ങിയ ഇന്‍ഡോര്‍ വ്യായാമങ്ങള്‍ പരിശീലിക്കുന്നത് പേശികളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിട്ടുമാറാത്ത സമ്മര്‍ദം സന്ധിവാതം ലക്ഷണങ്ങളെ വഷളാക്കാം. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പോലുള്ളവ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് സന്ധിവാത ലക്ഷണങ്ങളും വേദനയും കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു ഉറപ്പാക്കാന്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ശൈത്യകാല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതം രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ബിസിനസ്സുകാരന്‍ ഡോക്ടറോട് പറഞ്ഞു: എന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. എനിക്ക് തീരെ വയ്യ. ഡോക്ടര്‍ അയാളെ പരിശോധിച്ചു. അയാളുടെ ശാരീരികപ്രശ്‌നങ്ങളെ കുറിച്ചും ബിസിനസ്സ്പരമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം ചോദിച്ചു മനസ്സിലാക്കി. അയാളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയശേഷം അയാള്‍ മരുന്ന് കുറിച്ചുനല്‍കി. ഒരാഴ്ചകഴിഞ്ഞുവരാന്‍ പറഞ്ഞു. കുറിപ്പടിയുമായി അയാള്‍ മെഡിക്കല്‍ഷോപ്പിലെത്തി. അത് വായിച്ചശേഷം കടക്കാരന്‍ പറഞ്ഞു: ഈ മരുന്ന് എവിടെനിന്നും കിട്ടില്ല. ഇത് താങ്കള്‍ക്ക് സ്വയം ചെയ്യാവുന്നതേയുള്ളൂ.. അപ്പോഴാണ് അയാള്‍ കുറിപ്പ് വായിച്ചത്. മനസ്സ് നന്നാക്കണം. സമാധാനം കണ്ടെത്തണം. അയാള്‍ അതുപോലെ ചെയ്തു., പിന്നീട് മരുന്ന് ഫലിച്ചുതുടങ്ങി. മനസ്സില്‍ സന്തോഷമുണ്ടെങ്കില്‍ ശരീരത്തിന് സൗഖ്യമുണ്ടാകും. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ടെന്ന് പറയുന്നതിന്റെ സാംഗത്യം ഇതാണ്. മനോഗതിമാറിയാല്‍ പ്രതികരണ ശൈലികള്‍ മാറും. മനസ്സില്ലെങ്കില്‍ ഒരു പരിഹാരമാര്‍ഗ്ഗവും ഇല്ല. കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. ആ കാരണത്തില്‍ നാം നിരാശരാകണോ ആഹ്ലാദഭരിതരാകണോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. മനസ്സിലുണ്ട് മാര്‍ഗ്ഗം - ശുഭദിനം.

Post a Comment

Previous Post Next Post