◾ പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയത് 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. കേസ് പാര്‍ലമെന്റ് പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
◾ പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍. നാഗാലന്‍ഡ് വനിത എം പി ഫാംഗ്നോന്‍ കൊന്യാക്കിന്റെ ആരോപണത്തിലാണ് നടപടി. വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വിജയ് രഹ്തര്‍ ആവശ്യപ്പെട്ടു.
◾ കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 സീസണില്‍ ഫെയര്‍ ആവറേജ് ക്വാളിറ്റി മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,582 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 12,100 രൂപയായും നിശ്ചയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ നാളികേര ഉല്‍പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് കൊപ്ര ഉല്‍പാദനം കൂട്ടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അറിയിച്ചു.
◾ വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചുവെന്നും കോടതി വിധി വന്നാല്‍ മണിക്കൂറുകള്‍ക്കകം തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍, ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍. ആക്ഷേപങ്ങള്‍ക്കുള്ളവര്‍ക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും. വീട് ഒലിച്ചു പോയവര്‍, പൂര്‍ണ്ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമര്‍പ്പിച്ചിരുന്നത്.
◾ 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു. റിയോ ഡി ജനീറോ തെരുവിലെ മൂന്ന് തലമുറകളുടെ അരക്ഷിത ജീവിതത്തിന്റെ കഥ പറഞ്ഞ പെഡ്രോ ഫ്രയറി സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം മാലുവിന് മികച്ച സിനിമക്കുള്ള സുവര്‍ണ്ണ ചകോരം ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഫര്‍ഹദ് ഹഷ്മിക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ക്രിസ്റ്റബല്‍ ലിയോണും ജോക്വിന്‍ കൊസിനായ്ക്കുമാണ്. മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌ക്കാരങ്ങള്‍ നേടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
◾ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു. കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
◾ സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണമെന്നും സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണമെന്നും അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണമെന്നും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. അതേസമയം പ്രതിപക്ഷ നേതാവിനുവേണ്ട മെയ് വഴക്കം വി.ഡി. സതീശനില്ലെന്നും അദ്ദേഹത്തിന്റെ നാക്ക് മോശമാണെന്നും പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
◾ സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതെന്നും രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയാറായില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ട് പേരുമാണെന്നും സാബുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
◾ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് 'ജയ് ഭീം അംബേദ്കര്‍ സമ്മേളനം' സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ വയനാട്ടില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹര്‍ജി നല്‍കിയത്. സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
◾ വ്യാജ രേഖകള്‍ നല്‍കി അനര്‍ഹമായി ബിപിഎല്‍ മുന്‍ഗണനാ കാര്‍ഡ് കൈവശപ്പെടുത്തി റേഷന്‍ കൈപ്പറ്റിയതായി കണ്ടെത്തുകയും പിഴശിക്ഷാ നടപടി നേരിടുകയും ചെയ്ത കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനഭായ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധത്തിലേക്ക്. പഞ്ചായത്തിലെ അര്‍ഹരായ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ ബി പി എല്‍ കാര്‍ഡ് ലഭിക്കാതെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് കഴിയുന്ന സാഹചര്യത്തിലാണ് ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി മീനാഭായ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നും ഇവരെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരെ മുന്‍നിര്‍ത്തി യു ഡി എഫ് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.
◾ ഡിസി ബുക്സ് ഉടമ രവി ഡിസി എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ക്ഷണിക്കാനാണ് സന്ദര്‍ശനമെന്നാണ് ഡിസി ബുക്സിന്റെ വിശദീകരണം. ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കേസും അന്വേഷണവും നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം മാധ്യമങ്ങളോട് സംസാരിക്കാന്‍ രവി ഡിസി തയ്യാറായില്ല.
◾ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന്റെ സഹകരണത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്. ഇതോടെ ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെത്തി ഉടന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനാകും.
◾ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 31ന് വൈകിട്ട് വയനാട് മേപ്പാടിയില്‍ സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെലിന് ഹൈക്കോടതി സ്റ്റേ. ജില്ല കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടര്‍, മേപ്പാടി പഞ്ചായത്ത് എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയാണ് 20,000 പേര്‍ പങ്കെടുക്കുമെന്ന പരിപാടി പ്രഖ്യാപിച്ചത്.
◾ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും കഠിനതടവ്. കുട്ടിയുടെ പിതാവ് ഷെരീഫ് ഏഴുവര്‍ഷവും അമ്മ അനിഷ 10 വര്‍ഷവും തടവ ശിക്ഷ അനുഭവിക്കണം. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ശിക്ഷ വിധി.
◾ പത്തനംതിട്ടയില്‍ മരിച്ച പ്ലസ് ടൂ വിദ്യാര്‍തഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന് എന്ന് തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ നിന്നുളള ഡി എന്‍ എ പരിശോധനാ ഫലം. കഴിഞ്ഞ മാസം 25ന് ആണ് 17 കാരി മരിച്ചത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. കേസില്‍ സഹപാഠിയായ നൂറനാട് സ്വദേശിയെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾ കണ്ണൂര്‍ - എറണാകുളം ജംഗ്ഷന്‍ ഇന്റര്‍ സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
◾ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്ക് (12) ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയെ ചെങ്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
◾ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ് ചെയ്തു.
◾ മധ്യപ്രദേശിലെ മെന്‍ഡോറിയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 42 കോടിയോളം രൂപ വില വരുന്ന 52 കിലോയോളം സ്വര്‍ണവും 10 കോടി രൂപയും കണ്ടെടുത്തു. അതേ സമയം ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് പോലീസിലെയും ആദായനികുതി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
◾ സനാതന ധര്‍മ്മത്തിന്റെ ആരാധനാലയങ്ങളെ അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവര്‍ ഭൂമിയില്‍ നരകം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശിലെ ഹിന്ദു മതകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ പരാമര്‍ശിച്ച അദ്ദേഹം ഇത് ഭൂമിയില്‍ നരകമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്നും പ്രതികരിച്ചു. ലോകസമാധാനം സ്ഥാപിക്കാനുള്ള ഏക മാര്‍ഗം സനാതന ധര്‍മ്മമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
◾ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി. 25 ദിവസമായി നിരാഹാര സമരം തുടരുന്ന ദല്ലേവാള്‍ കഴിഞ്ഞ ദിവസം ബോധരഹിതനായി വീണിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ ഒരു നൂലില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടായിരിക്കുന്നത്.
◾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ ഇവിഎമ്മുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തമാസം വാദം കേള്‍ക്കും. ഹരിയാന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിംഗ് ദലാല്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക..
◾ ജയ്പുര്‍ - അജ്‌മേര്‍ ദേശീയപാതയിലെ ഗ്യാസ് ടാങ്കര്‍ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 45-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30-ലധികം വാഹനങ്ങള്‍ക്ക് തീപിടിച്ചു. ബസും ട്രക്കും കാറും ഇരുചക്ര വാഹനങ്ങളും അടക്കമുള്ളവയാണ് പൂര്‍ണമായും കത്തിനശിച്ചത്.
◾ അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയനെ ഭീഷണിപ്പെടുത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാത്തിന്റെയും താരിഫ് കൂടും എന്നാണ് ഭീഷണി. നാറ്റോയ്ക്കുള്ള അധിക ധനസഹായം നിര്‍ത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയാല്‍ എല്ലാ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
◾ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം മാര്‍പാപ്പയുടെ അടുത്തേക്കാകുമെന്ന് വൈറ്റ് ഹൗസ്. ഡോണള്‍ഡ് ട്രംപിന് അധികാരം കൈമാറുന്നതിന് മുന്നോടിയായി ജനുവരിയില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് ബൈഡന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
◾ ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. കാറോടിച്ചിരുന്ന അന്‍പതു വയസുകാരനായ സൗദി സ്വദേശിയായ 2006 മുതല്‍ ജര്‍മനിയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു സംഭവം. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
◾ കമ്പനിയുടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ മാനേജീരിയല്‍ റോളുകളില്‍ ജോലി ചെയ്യുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഓപ്പണ്‍എഐ പോലുള്ള എഐ-അധിഷ്ഠിത എതിരാളികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന മത്സരത്തിനിടയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സുന്ദര്‍ പിച്ചൈയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഗൂഗിളിന്റെ പുനഃസംഘടനാ തന്ത്രത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടി. ചില ജോലി റോളുകള്‍ വ്യക്തിഗത റോളുകളിലേക്ക് മാറ്റിയാണ് പുനഃസംഘടന നടത്തുന്നതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022 സെപ്റ്റംബറിലാണ് ഗൂഗിള്‍ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞത്. അടുത്ത ജനുവരിയില്‍ ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്.
◾ മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭമായ 'ബറോസി'ലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. മലയാളത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവിസ്മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരമാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരെ അണിനിരത്തിയാണ് ലിഡിയന്‍ ബറോസിനു വേണ്ടി ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 'ഇസബെല്ലാ' എന്നു തുടങ്ങുന്ന ഗാനത്തിനായി മാസിഡോണിയയിലെ ഫെയിംസ് ഓര്‍ക്കസ്ട്രയാണ് അണിചേര്‍ന്നത്. പെര്‍കഷനിസ്റ്റ് എ.ശിവമണി, വയലിനിസ്റ്റ് അനന്ത് കൃഷ്ണന്‍, ബാംസുരിയും ഫ്ലൂട്ടുമായി അമൃതവര്‍ഷിണിയും ആകാശും തുടങ്ങി ഓരോ മേഖലയിലും പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി. ഹിന്ദിയില്‍ ബോളിവുഡ് ഗായകന്‍ ഷാന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പത്തൊന്‍പതുകാരനായ ലിഡിയന്‍ നാദസ്വരം ആദ്യമായി സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ബറോസ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡിസംബര്‍ 25ന് തിയറ്ററുകളിലെത്തും.
◾ ഇന്ത്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വലിയ ക്യാന്‍വാസ്സിലൂടെയാണ് അവതരണം. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ സംഘര്‍ഷമാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ടൊവിനോ തോമസ്സാണ് വര്‍ഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരന്‍, സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.
◾ ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ തങ്ങളുടെ പ്രശസ്ത സ്‌കൂട്ടറായ എയ്‌റോക്‌സിന്റെ പുതിയ വകഭേദം എയ്‌റോക്‌സ് ആല്‍ഫ അവതരിപ്പിച്ചു. മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകവും വിപുലവുമായ അപ്ഡേറ്റുകളോടെയാണ് പുതിയ സ്‌കൂട്ടര്‍ വരുന്നത്. നിരവധി നൂതന സവിശേഷതകളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. എയ്‌റോക്‌സ് ആല്‍ഫയ്ക്ക് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിന്‍ 15 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. പുതിയ സാങ്കേതിക അപ്‌ഡേറ്റുകള്‍ ഇതിലേക്ക് ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് റൈഡിംഗ്, ആക്‌സിലറേഷന്‍ മോഡുകള്‍ക്കിടയില്‍ എളുപ്പത്തില്‍ മാറാനാകും. നിലവില്‍ ഇന്തോനേഷ്യയിലാണ് ഈ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും അടുത്ത വര്‍ഷം ഈ സ്‌കൂട്ടറിനെ കമ്പനി ഇന്ത്യയിലും അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കരുതുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ യമഹയുടെ നിരയിലെ ഏറ്റവും വിലകൂടിയ എയറോക്സ് മോഡലായിരിക്കും എയ്‌റോക്‌സ് ആല്‍ഫ.
◾ 'സൂര്യനസ്തമിക്കാത്ത മനുഷ്യന്‍' അധികാരഘടനകളോടേറ്റുമുട്ടി ചരിത്രത്തിലേക്ക് തെറിച്ചുവീണ മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. മലയാളനോവലിന് അത്രയൊന്നും പരിചിതമല്ലാത്ത വെറ്ററിനറി കോളേജ് കാമ്പസാണ് നോവലിന്റെ പശ്ചാത്തലം. അധികാരശ്രേണിയുടെ ബലാബലങ്ങളില്‍ കാലിടറി,
ചരിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷരാകാന്‍ വിധിക്കപ്പെട്ട മനുഷ്യരെയും, അസാധാരണമായ ആത്മബലത്താല്‍ എല്ലാതരം അധികാരബലതന്ത്രങ്ങളെയും വെല്ലുവിളിച്ച് ചരിത്രത്തില്‍ കാലുറപ്പിച്ചു നിന്ന മനുഷ്യരെയും അത്രമേല്‍ സ്വാഭാവികമായി വായനക്കാര്‍ക്കു മുന്നില്‍ വെളിച്ചപ്പെടുത്താന്‍ ഈ നോവലിനു കഴിയുന്നു. മനുഷ്യജീവിതത്തിലെ പലായനങ്ങളെയും ആന്തരികവ്യഥകളെയും വൈകാരികവും വ്യതിരിക്തവുമായി അവതരിപ്പിക്കുന്ന പുതിയ നോവല്‍. 'സൂര്യനസ്തമിക്കാത്ത മനുഷ്യന്‍'. സി.കെ ഷാജിബ്. മാതൃഭൂമി. വില 382 രൂപ.
◾ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍പ്പിശകിനെ ഭക്ഷണക്രമത്തിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പഠനം. വാര്‍ദ്ധക്യത്തിലെ ഈ വൈജ്ഞാനിക തകര്‍ച്ച കാലക്രമേണയായി തലച്ചോറില്‍ ഇരുമ്പിന്റെ ശേഖരണം അടിഞ്ഞു കൂടുന്നതുകൊണ്ട് സംഭവിക്കുന്നതാണെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. തലച്ചോറിലെ അടിഞ്ഞുകൂടുന്ന ഇരുമ്പ് കോശങ്ങളില്‍ സമ്മര്‍ദം ഉണ്ടാക്കുകയും അവയുടെ ഊര്‍ജ്ജ ഉല്‍പാദനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. തലച്ചോറില്‍ ഇരുമ്പ് അടഞ്ഞുകൂടുന്നത് വൈജ്ഞാനിക തകര്‍ച്ച, അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ ആന്റിഓക്‌സിഡന്റുകളും പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുമെന്ന് ന്യൂറോബയോളജി ഓഫ് ഏജിങ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാനും ഓര്‍മശക്തിയെ സംരക്ഷിക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ആന്റി-ഓക്സിന്റുകള്‍ ധാരാളം അടങ്ങിയ ബെറിപ്പഴങ്ങളും ഇലക്കറികളും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മീന്‍, നട്സ് തുടങ്ങിയ ഭക്ഷണങ്ങളും ഇരുമ്പിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഈ പോഷകങ്ങള്‍ മെമ്മറി, ചിന്ത എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ മേഖലകളെ സംരക്ഷിക്കുകയും വൈജ്ഞാനിക തകര്‍ച്ചയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ പക്ഷിക്ക് രണ്ടു തലയുണ്ടായിരുന്നു. ഒരുദിവസം പറക്കുന്നതിനിടയില്‍ ആദ്യത്തെ തല ഒരു പഴം കണ്ടു. അതുടനെ താഴേക്ക് പറന്ന് ആ പഴം കൊത്തിയെടുത്ത് തിന്നാന്‍ തുടങ്ങി. രണ്ടാമത്തെ തലപറഞ്ഞു: നീ ചെയ്യുന്നത് ശരിയല്ല, എനിക്കും കൂടി തരണം. ഒന്നാമന്‍ പറഞ്ഞു: നമ്മളിലാര് കഴിച്ചാലും ഒരേ വയറിലേക്കല്ലേ പോകുന്നത്. അതുകൊണ്ട് ഞാന്‍ കഴിച്ചാലും മതി. രണ്ടാമത്തെ തലക്ക് നിരാശയായി. കുറച്ച് ദിവസത്തിന് ശേഷം ആ പക്ഷി പറക്കുമ്പോള്‍ രണ്ടാമത്തെ തല ഒരു പഴം കണ്ടു. രണ്ടാമത്തെ തല അത് തിന്നാന്‍ ശ്രമിച്ചപ്പോള്‍ ആദ്യത്തെ തല പറഞ്ഞു: ആ പഴം തിന്നരുത്. അത് വിഷമാണ്. അത് കഴിച്ചാല്‍ നമ്മള്‍ രണ്ടുപേരും മരിക്കും. പക്ഷേ, രണ്ടാമത്തെ തല അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പഴം കഴിച്ചു. ആ പക്ഷി ചാവുകയും ചെയ്തു.. അപരിചിതര്‍ തമ്മിലോ, അയല്‍ക്കാര്‍ തമ്മിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്വമോ, ബാധ്യതയോ ഇല്ലാത്തതുകൊണ്ട് ആളുകള്‍ പിരിയുമ്പോള്‍ വിഷയവും അവസാനിക്കും. എന്നാല്‍ ഒരേ ശരീരവും മനസ്സുമായി ജീവിക്കുന്നവര്‍ക്കിടയില്‍ അഹംബോധമുണര്‍ന്നാല്‍ മറ്റാര്‍ക്കും രക്ഷിക്കാനാവാത്ത വിധം എല്ലാവരും തകരും. ഏത് സംഘവും തകരുന്നത് പുറമേ നിന്നുളള ആളുകളുടെ എതിര്‍പ്പുകൊണ്ടോ ആക്രമണം കൊണ്ടോ അല്ല, അകത്തുള്ളവര്‍ക്കിടയില്‍ രൂപപ്പെടുന്ന അഹംഭാവമോ തെറ്റിദ്ധാരണയോ മൂലമാണ്. പുറത്തുളളവര്‍ക്ക് കൊടുക്കുന്ന ആദരവും പരിഗണയും കൂടെയുളളവര്‍ക്ക് നല്‍കാന്‍ നാം പലപ്പോഴും മറന്നുപോകാറുണ്ട്. കൂടെയുളളവര്‍ക്ക് കൂടി ആ ആദരവും പരിഗണനയും നല്‍കി നോക്കൂ.. ആ കൂട്ട് കാലങ്ങളോളം നിലനില്‍ക്കും - ശുഭദിനം.