◾ പാലക്കാട് നല്ലേപ്പുള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ റിമാന്റില്‍. വിശ്വഹിന്ദു പരിഷത്ത് പാലക്കാട് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷ കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ മുറ്റത്ത് സാന്തക്ലോസിന്റെ തൊപ്പിയണിഞ്ഞ് അധ്യാപകരും കുട്ടികളും ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മൂവര്‍ സംഘം കടന്നു വന്ന് ഭീഷണി മുഴക്കിയത്. പ്രധാനാധ്യാപികയുടെ പരാതിയില്‍ ചിറ്റൂര്‍ പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മത സ്പര്‍ധ വളര്‍ത്താനുള്ള ഉദ്ദേശത്തോടെ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി കുട്ടികളെ ഭീതിയിലാക്കി, അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
◾ പാലക്കാട് നല്ലേപ്പുള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിയുയര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം. വി എച്ച് പി ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റിലായ സംഭവത്തില്‍ യുവജന സംഘടനകളായ ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസുമടക്കം ഇന്ന് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ മതേതര സമൂഹം തയാറാകുമെന്നും പ്രഖ്യാപിച്ച് ഇരുകൂട്ടരും സ്‌കൂളിന് മുന്നില്‍ ഐക്യദാര്‍ഢ്യ കരോള്‍ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് ദില്ലി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കും. സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും. സി ബി സി ഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലും മോദി സന്ദര്‍ശനം നടത്തിയേക്കും. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
◾ ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി. കുവൈത്തിന്റെ വിശിഷ്ട മെഡലായ മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് അമീര്‍ സമ്മാനിച്ചു. മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാര്‍ഡാണിത്. ബയാന്‍ പാലസില്‍ നടന്ന ചടങ്ങില്‍ നരേന്ദ്ര മോദിക്ക് ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ദില്ലിക്ക് മടങ്ങി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം കൂടുതല്‍ വിപുലീകരിക്കാനും ഉഭയകക്ഷി ബന്ധം 'തന്ത്രപ്രധാന പങ്കാളിത്ത'ത്തിലേക്ക് ഉയര്‍ത്താനും നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.
◾ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതില്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ചയിലാണ് ഖട്ടരിന്റ് ഉറപ്പ്. നിലയം സ്ഥാപിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം കാസര്‍കോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ തീരങ്ങളില്‍ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്നും തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റര്‍ സ്ഥാപിച്ചാല്‍ ഉചിതം ആകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾ എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുത്താനുള്ളവര്‍ തിരുത്തണമെന്നും പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്നും അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്നും പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ കെഎഎസുകാര്‍ അതേപടി പിന്തുടരരുതെന്നും ചുവപ്പുനാട പഴയതു പോലെ ഇല്ലെങ്കിലും ചില വകുപ്പുകളില്‍ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
◾ സാമുദായിക നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യതയെന്നും ചെന്നിത്തല ഇന്നലെ വന്ന നേതാവല്ലെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണം എന്നതില്‍ തര്‍ക്കമില്ലെന്നും വ്യക്തമാക്കിയ കെ സുധാകരന്‍ അധികാര വടംവലിയുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വി.ഡി സതീശന്‍ അധികാരമോഹിയാണ്' എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പാടില്ലായിരുന്നുവെന്ന് തന്നെയാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്ന് കെ. സുധാകരന്‍ പറഞ്ഞു.
◾ വയനാട് പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്നും സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കുമെന്നും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. അടുത്ത ക്യാബിനറ്റില്‍ വിശദമായി പരിഗണിക്കാനും വയനാട് പുനരധിവാസം വേഗത്തിലാക്കാനും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി തയ്യാറാക്കിയ ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്.
◾ എഡിജിപി എം.അര്‍ അജിത് കുമാറിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് പി.വി.അന്‍വര്‍ എം.എല്‍.എ. അജിത് കുമാറിനെ കസേര മാറ്റിയിരുത്തി എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് പിവി അന്‍വര്‍ പറഞ്ഞു. പരസ്യമായി അജിത് കുമാറിനെ പിന്തുണയ്ക്കുക വഴി മുഖ്യമന്ത്രി അന്വേഷണം വഴിതെറ്റിതെറ്റിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞു.
◾ മുനമ്പം സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ടെന്നും പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ഉറപ്പ് നല്‍കിയതാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പുതിയ നിയമം വരുമെന്നും ഇവിടെ മാത്രമല്ല, വഖഫ് ഭൂമി കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യയിലെ എല്ലാ സ്ഥലത്തും നീതി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപിക്കെതിരായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കെസി വേണുഗോപാലും, വിഡി സതീശനും, പികെ കുഞ്ഞാലിക്കുട്ടിയും, കെഎം ഷാജിയും രംഗത്തെത്തി. സംഘപരിവാര്‍ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്റേതെന്നും വിജയരാഘവന്‍ വര്‍ഗീയ രാഘവനായി മാറിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിജയരാഘവന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
◾ പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാന്‍ വിജയരാഘവനേ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . സംഘപരിവാര്‍ അജണ്ട സിപിഎം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അതേസമയം താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോടുള്ള സതീശന്റെ പ്രതികരണം. സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെ ആര്‍എസ്എസിന്റെ സമുന്നത സഭയായ അഖില്‍ ഭാരതീയ പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ആര്‍എസ്എസിനേക്കാള്‍ വര്‍ഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുകയാണെന്നും വിജയരാഘവനിലൂടെ പുറത്തുവന്നതും വര്‍ഗീയ വിഷം തന്നെയാണെന്നും ഹസന്‍ പറഞ്ഞു.
◾ തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക തീവ്രവാദികളെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നുവെന്ന് ആവര്‍ത്തിച്ച് എ. വിജയരാഘവന്‍. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും കോണ്‍ഗ്രസ് സന്ധി ചെയ്യുമെന്നും പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ പ്രകടനത്തോടെയാണെന്നും വിജയരാഘവന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗൗരവകരമായ വിഷയമാണ് ഞാനുയര്‍ത്തിയതെന്നും മാധ്യമങ്ങളെ പേടിച്ചോ പ്രതിപക്ഷം വിലയ്ക്കെടുത്തിരിക്കുന്ന സോഷ്യല്‍ മീഡിയ കൂലിസംഘത്തെ പേടിച്ചോ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കാതിരിക്കും എന്ന് കരുതരുതെന്നും തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിര്‍ക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
◾ സാമുദായിക നേതാക്കള്‍ സമൂഹത്തില്‍ വിലയുള്ള ആളുകളാണെന്നും അവരുടെ അഭിപ്രായത്തെ എതിര്‍ക്കാനില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കെട്ടിട ഉടമകള്‍. കെട്ടിട വാടക കൊണ്ടാണ് കുടുംബം പുലര്‍ത്തിയതും മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ മുന്നോട്ടുകൊണ്ടുപോയതെന്നും പറഞ്ഞ കെട്ടിട ഉടമകള്‍ ലോണിന്റെ കാര്യം പറഞ്ഞ് ബാങ്കുകളില്‍ നിന്ന് വിളി വരുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ നഷ്ടത്തിന് എന്ത് പരിഹാരം നല്‍കുമെന്ന് ആരും പറയുന്നില്ലെന്നും പറഞ്ഞു.
◾ കാര്‍ബോറാണ്ടം കമ്പനി കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ മറിച്ച് നല്‍കി കരാര്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്. ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതി ഉപയോഗിക്കുന്നതിന് പകരം കമ്പനിക്കാവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ബാക്കിവന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി തിരികെ കെ.എസ്.ഇ.ബിക്ക് നല്‍കി കരാര്‍ പ്രകാരം പണം കൈപറ്റുകയും ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾ നെയ്യാറ്റിന്‍കര സബ് ആര്‍.ടി. ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതിലൂടെ വന്‍ തുക കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലുള്ള വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.
◾ നഴ്സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് .വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു,
◾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട് . ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എംടിയെ സന്ദര്‍ശിച്ചിരുന്നു.
◾ കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാര്‍ക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളര്‍ത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതി നല്‍കുമെന്നും മേരിക്കുട്ടി പറഞ്ഞു.
◾ പത്തനംതിട്ട കൊടുമണ്ണില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റില്‍ പെട്ടയാളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാളുടെ സുഹൃത്തുക്കളാണ് പൊലീസിന് നേരെ കല്ലെറിയുകയും സ്വകാര്യ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തത്. സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ഇടത്തിട്ട സ്വദേശി അതുല്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.
◾ നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.
◾ തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതില്‍ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ വന്‍ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാന്‍ തീരുമാനിച്ചത്.
◾ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികള്‍. ഗോവിന്ദന്‍ മാഷിന്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നുമാണ് വനിത പ്രതിനിധിയുടെ പരിഹാസ വാക്കുകള്‍. പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണെന്ന് പറഞ്ഞ വനിത പ്രതിനിധി പൊലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ലെന്നും കുറ്റപ്പെടുത്തി. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം. ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ധനവകുപ്പിന് പിടിപ്പുകേടെന്ന ആക്ഷേപവും എല്ലാം പ്രതിനിധികള്‍ ചര്‍ച്ചയിലുന്നയിക്കുന്നുണ്ട്. ഇന്ന് വൈകീട്ട് വിഴിഞ്ഞത്താണ് പൊതുസമ്മേളനം.
◾ രാജ്യാന്തര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാതൃകയാക്കി കോഴിക്കോട് ഒരുങ്ങുന്ന 'ഓഷ്യാനസ് ചാലിയം'മാതൃകാ ബീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നടത്തുക. 9.53 കോടി രൂപ ചിലവിട്ടാണ് ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
◾ വാര്‍ത്തയുടെ പേരില്‍ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രക്ഷോഭത്തിന്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും നടത്തും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്കും ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുമാണ് മാര്‍ച്ച്.
◾ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിര ആഞ്ഞടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. മധു മുല്ലശ്ശേരി ഒരിക്കല്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും അമ്പതിനായിരം രൂപയുമായി തന്നെ കാണാന്‍ വന്നിരുന്നുവെന്നും എന്നാല്‍, പെട്ടിയെടുത്ത് ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെന്ന് വി.ജോയ് പറഞ്ഞു.
◾ അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത് സിപിഎം - ബിജെപി ഡീലിന്റെ ഭാഗമായാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ പല ഘട്ടത്തിലും രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾ നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.
◾ പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടന്‍ അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടന്‍ ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികരണം അനുകൂലം അല്ലാത്തതിനാല്‍ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂര്‍ത്തിയാകും വരെ തിയേറ്ററില്‍ തുടരുമെന്ന് അല്ലു മറുപടി നല്‍കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് എസിപി ഡിസിപിയെ ബാല്‍കാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വാദം.
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് സമന്‍സ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെന്‍സസ് പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പരാമര്‍ശം ഉന്നയിച്ചാണ് ഹര്‍ജി. രാഹുലിന്റെ പ്രസ്താവനകള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന സ്വകാര്യ ഹര്‍ജിയിലാണ് നടപടി.
◾ റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല.
◾ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ ചാര്‍ജുകള്‍ക്ക് ജിഎസ്ടി നല്‍കേണ്ടെന്ന് തീരുമാനമായി. 2000 രൂപയില്‍ താഴെ പേയ്മെന്റ് നടത്തുന്ന പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.
◾ ദില്ലിയിലെ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി അയച്ച സംഭവത്തിലെ പ്രതികളായ വിദ്യാര്‍ത്ഥികള പിടികൂടി പൊലീസ്. എന്നാല്‍ പിടിയിലായ പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കാതെ മുന്നറിയിപ്പ് നല്‍കി മാതാപിതാക്കളുടെ ഒപ്പം അയയ്ക്കുകയാണ് നല്‍കിയത്. പരീക്ഷയ്ക്ക് പൂര്‍ണമായി തയ്യാറാകാത്ത രണ്ട് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ആഴ്ചയില്‍ നിരവധി സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത്. പരീക്ഷ നീട്ടി വയ്ക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ഇവരുടെ ഭീഷണി.
◾ രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയപ്പോഴാണ് മോദി, അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ കുവൈത്ത് സ്വദേശികളായ യുവാക്കളെ നേരില്‍ കണ്ടത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്‍കി.
◾ പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തില്‍ മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ച് തട്ടിപ്പ്. ഓണ്‍ലൈന്‍ വഴി സിആര്‍പി ഓഫിസര്‍ ചമഞ്ഞും വ്യാജപേരുകളിലും ചിലര്‍ വ്യാജ ഓഫറുകള്‍ നല്‍കി പണം തട്ടുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായി രാജ്ഭവന്‍ അധികൃതര്‍ അറിയിച്ചു.
◾ ഒമാനില്‍ ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒമാന്റെ ഉള്‍പ്രദേശങ്ങളിലടക്കം തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. ചിലയിടങ്ങളില്‍ മഞ്ഞു വീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
◾ പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 16 പാക് സൈനികരും പാക് സൈനികരുടെ ആക്രമണത്തില്‍ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തീവ്രവാദ ആക്രമണങ്ങള്‍ മേഖലയില്‍ പതിവാകുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള തെക്കന്‍ വസിരിസ്ഥാന്‍ ജില്ലയിലെ മകീനിലെ ലിതാ സര്‍ ചെക്ക് പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.
◾ ടെക്സാസിലെ കിലീനിലെ മാളിനുള്ളിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ യുവാവിനെ പൊലീസ് വെടിവച്ചു വീഴ്ത്തി. ട്രക്ക് ഓടിച്ചിരുന്ന യുവാവിനെ പാര്‍ക്കിംഗില്‍ വച്ചാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്. ഇടിച്ച് കയറിയതിന് ശേഷവും വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ട്രക്ക് ഡ്രൈവര്‍ മാളിനുള്ളില്‍ ആളുകള്‍ക്കിടയിലൂടെ ട്രക്ക് ഓടിച്ചതോടെ വലിയ രീതിയില്‍ ആളുകള്‍ പരിഭ്രാന്തരായി. നിരവധിപ്പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
◾ സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം അമേരിക്ക പിന്‍വലിച്ചു. ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ മേധാവി ജുലാനിയെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു കോടി ഡോളര്‍ നല്‍കുമെന്ന് ആയിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്. അല്‍ ജുലാനി സിറിയയില്‍ അധികാരത്തില്‍ എത്തിയ സാഹചര്യത്തില്‍ ഇനി പിടികിട്ടാപ്പുള്ളി ആയി നിലനിര്‍ത്തുന്നത് ശരിയല്ല എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
◾ തുര്‍ക്കിയില്‍ ഹെലികോപ്റ്റര്‍ ആശുപത്രികെട്ടിടത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.
◾ ക്രിസ്മസ് ആഘോഷത്തിനിടെ ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം 56-കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ഭാര്യയും മക്കളും ഭാര്യയുടെ സഹോദരിയേയും സഹോദരനേയും അയാളുടെ മക്കളേയുമടക്കം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തിയത്. യുഎസ് നഗരമായ ടെക്സസിനു സമീപമാണ് സംഭവം നടന്നത്.
◾ തായ്വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
◾ ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. മുഹമ്മദന്‍ എസ്.സിയെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് തകര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണിത്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. തുടര്‍ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ് ഈ വിജയം.
◾ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ എകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 211 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ 103 റണ്‍സിന് ഓള്‍ ഔട്ടായി.