Trending

പ്രഭാത വാർത്തകൾ 2024 ഡിസംബർ 5 വ്യാഴം 1200 വൃശ്ചികം 20 ഉത്രാടം 1446 ജ: ആഖിർ 02


◾ വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ തീരുമാനമെന്നും ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇന്നലെ അമിത്ഷായെ കണ്ടു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ ഇന്ന് അറിയിക്കാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അത് രാജ്യത്തിനാകെ, പ്രത്യേകിച്ച് ഇരകള്‍ക്ക് വളരെ മോശമായ സന്ദേശമാണ് നല്‍കുന്നതെന്നും രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസിലാക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ശ്രദ്ധയോടെയാണ് അത് കേട്ടതെന്നും പ്രിയങ്ക പറഞ്ഞു.

◾ ക്രിമിനല്‍ കേസുകളിലെ അപ്പീലില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവയ്ക്കണമെന്ന ഉപാധി പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50000 രൂപയുടെ പിഴ കെട്ടി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പിഴയും ശിക്ഷയുടെ ഭാഗമാണെന്നും അതുകൊണ്ട് അപ്പീലില്‍ പിഴയും ചോദ്യം ചെയ്യപ്പെടുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

◾ പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗില്‍ ഉള്ളത്. അതേസമയം നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

◾ പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

◾ കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

◾ സിബിഎസ്ഇ ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നീ തലങ്ങളില്‍ പരീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. വിഷയം കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അംഗീകാരം ലഭിച്ചാല്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ രീതി തുടരാനാണ് നീക്കം.

◾ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതി പരിഗണിക്കവെ ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിര്‍ദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നും മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു.

◾ അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ പ്രീപെയ്ഡ് രീതിയിലേക്ക് ഡോളി സര്‍വീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീര്‍ത്ഥാടന കാലയളവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. ഇതേ തുടര്‍ന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി.

◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം നല്‍കി ഉത്തരവ്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നല്‍കണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നല്‍കിയത്.

◾ സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി എ.പി വിഭാഗം നേതാവും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. സമസ്തയുടെ കൂടി ഭാഗമായ ലീഗ് നേതാക്കള്‍ സുന്നി വിരുദ്ധ ആശയങ്ങളെ പിന്തുണക്കുന്നതാണ് ഇപ്പോഴുള്ള അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് മുമ്പ് സമസ്ത സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലീഗ് സമസ്തയെ നിയന്ത്രിക്കുന്നതിന് സാംഗത്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

◾ കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി. തൃശ്ശൂര്‍ സി ജെ എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ അനുമതി നല്‍കിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. തീയതി കോടതി നിശ്ചയിച്ചിട്ടില്ല. കുഴല്‍പ്പണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു എന്നായിരുന്നു മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.

◾ ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.

◾ പ്രസവത്തില്‍ കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടമായെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞവര്‍ഷം ജൂലൈ 23 ന് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് വലതുകൈക്ക് ചലനശേഷി ഇല്ലാതെ വന്നതോടെയാണ് അച്ഛന്‍ ആലപ്പുഴ ചിറപ്പറമ്പ് വിഷ്ണു പൊലീസിനെ സമീപിച്ചത്. വാക്വം ഡെലിവറി വഴി പ്രസവം നടത്തിയപ്പോള്‍ ഉണ്ടായ പിഴവാണ് വലതു കൈയുടെ ചലന ശേഷി നഷ്ടമാക്കിയതെന്നാണ് ആരോപണം.

◾ ഭാര്യയുടെ സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍. പരാതി വാസ്തവ വിരുദ്ധമാണെന്നാണ് ബിപിന്‍ സി ബാബു ആരോപിക്കുന്നത്. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പകപോക്കലാണ് പരാതിക്ക് പിന്നിലെന്നും ബിപിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

◾ ഓര്‍ത്തോഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കണമെന്ന നിബന്ധന പാടില്ലെന്ന് സുപ്രീം കോടതി. സെമിത്തേരികളിലെ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ യാക്കോബായ സഭയുടെ പുരോഹിതര്‍ക്കര്‍ക്ക് വഴി ഒരുങ്ങുന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് പുറത്ത് വന്നത്.  

◾ കായംകുളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പത്തിയൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ബ്രാഞ്ച് സെക്രട്ടറി രാജന്‍, ഗീത ശ്രീകുമാര്‍, വേണു നാലാനക്കല്‍ എന്നിവരെ ശോഭ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പത്താം തിയ്യതി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂര്‍ പഞ്ചായത്തിലെ 12 ആം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു സ്വീകരണം.

◾ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാപ്രശ്നം പരിഹരിച്ചത് മൂന്ന് മണിക്കൂറിലേറെ സമയമെടുത്ത്. സാധാരണ എഞ്ചിന്‍ കൊണ്ടുവന്ന് വന്ദേഭാരതുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ 5.30 ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് മൂന്ന് മണിക്കൂറിലേറെ നേരം പിടിച്ചിട്ടത്.

◾ കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍നിന്ന് പ്രധാന പങ്കാളിയായ ടീ കോം ഒഴിവാകുന്നു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിനൊടുവിലാണ് പിന്മാറ്റം. കെട്ടിടനിര്‍മാണത്തിനടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുണ്ടായ ധാരണ..

◾ കേരള ഹൈക്കോടതിയില്‍ ഓഫീസ് സമയത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള ഫോണ്‍ ഉപയോഗം വിലക്കി. കേരള ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാര്‍ ജനറലാണ് ഉത്തരവിറക്കിയത്. സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പലരും ജോലി സമയത്ത് ഓണ്‍ലെന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറല്‍ നടപടിയെടുത്തത്.

◾ കൊച്ചി വാട്ടര്‍ മെട്രോക്ക് ദേശീയ പുരസ്‌കാരം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്. രാജ്യത്തെ മികച്ച ദേശമാക്കിമാറ്റാന്‍ തനത് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡാണിത്.

◾ കരുളായി ഉള്‍വനത്തില്‍ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ആദിവാസി യുവതിക്ക് ദാരുണാന്ത്യം. ചോല നായിക്ക ആദിവാസി വിഭാഗത്തില്‍പ്പെട്ട മാതി (27) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

◾ ആറാട്ടുപുഴയില്‍ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തന്‍ പറമ്പില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മന്‍, പൊടിമോന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസില്‍ നാല് പ്രതികളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

◾ എറണാകുളം കോലഞ്ചേരിയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരില്‍ ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

◾ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 ന്റെ റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഇന്നലെ രാത്രി 11 മണിക്കുള്ള പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേര്‍ ബോധം കെട്ട് വീണു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.  

◾ ദില്ലിയിലെ പ്രശസ്തമായ ജുമാമസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കത്തയച്ചു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പള്ളിക്കുള്ളില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഗുപ്ത കത്തില്‍ ആരോപിച്ചു. ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിര്‍മ്മിച്ചതെന്നും ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ദേവതകളുടെ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളില്‍ ഉപയോഗിച്ചുവെന്നും ഹിന്ദുസേനാ നേതാവ് കത്തില്‍ ആരോപിച്ചു. ഇതെല്ലാം തന്റെ മതവികാരത്തെ ബാധിക്കുകയും അവിടെ അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദേവതകളെ ആരാധിക്കാനുള്ള തന്റെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും ഗുപ്ത ആരോപിച്ചു.

◾ ഉപഗ്രഹത്തില്‍ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രോബ-3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഇന്നലെ വൈകിട്ട് 4.08 നാണ് പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്താനിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ കൌണ്ട്ഡൌണ്‍ നിര്‍ത്തി. ഇന്ന് വൈകീട്ട് 4.12ന് വിക്ഷേപണം വീണ്ടും നടത്താന്‍ ശ്രമിക്കും. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.

◾ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമായി കൊല്‍ക്കത്ത നഗരം. ആഗോള നേച്ചര്‍ ഇന്‍ഡക്സ് 2024 പട്ടികയില്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ഇനി കൊല്‍ക്കത്തയും. ആഗോള തലത്തില്‍ 200 ശാസ്ത്ര നഗരങ്ങളില്‍ 84-ാം സ്ഥാനത്താണ് കൊല്‍ക്കത്ത. ആഗോളതലത്തില്‍ ബെയ്ജിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

◾ സംഭല്‍ ആക്രമണത്തില്‍ ജയിലില്‍ കഴിയുന്നവരെ കാണാന്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് അവസരം ഒരുക്കിയതിന് സംഭലിലെ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഷന്റ് ചെയ്തു. തിങ്കളാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

◾ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മഹരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തര്‍ക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ വഴങ്ങാതായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കള്‍ ഇടപെട്ടതോടെ ഷിന്‍ഡെ അയഞ്ഞു.

◾ രാജ്യത്ത് ദേശാടന പക്ഷികള്‍ക്ക് പ്രിയപ്പെട്ട സംസ്ഥാനം ഗുജറാത്തെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ലോക വന്യ ജീവി സംരക്ഷണ ദിനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2024ല്‍ 18 മുതല്‍ 20 ലക്ഷം വരെ ദേശാടന പക്ഷികളാണ് ഗുജറാത്തിലെത്തിയതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

◾ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

◾ ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ വോട്ടുചെയ്ത് നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. പലസ്തീനിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

◾ യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. ഇന്നലെ രാവിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന മന്‍ഹാട്ടനിലെ ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

◾ ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ പരിശീലകന്‍.

◾ അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയ്ക്കെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമിയിലെത്തി. നാളെ നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും. 46 പന്തില്‍ 76 റണ്‍സെടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ 13-കാരന്‍ വൈഭവിന്റെ ഇന്നിംഗ്സാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

◾ യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേയ്‌സ്(യു.പി.ഐ) ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും നവംബറില്‍ ഗണ്യമായ ഇടിവുണ്ടായി. ഇടപാടുകളുടെ എണ്ണം ഏഴ് ശതമാനം കുറഞ്ഞ് 1,548 കോടിയിലെത്തി. യു.പി.ഐ ഇടപാടുകളുടെ മൂല്യം എട്ട് ശതമാനം കുറഞ്ഞ് 21.55 ലക്ഷം കോടി രൂപയിലെത്തി. ഒക്ടോബറില്‍ 1,658 കോടി ഇടപാടുകളിലായി 23.5 ലക്ഷം കോടി രൂപയാണ് കൈമാറിയത്. യു.പി.ഐ നിലവില്‍ വന്നതിന് ശേഷമുള്ള റെക്കോഡ് വര്‍ദ്ധനയാണ് ഇടപാടിലും മൂല്യത്തിലും ഒക്ടോബറിലുണ്ടായത്. ദീപാവലിയോട് അനുബന്ധിച്ച് വിപണിയിലുണ്ടായ ഉണര്‍വാണ് യു.പി.ഐ ഇടപാട് റെക്കോഡ് ഉയരത്തിലെത്തിച്ചത്.

◾ ആഷിക് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തും. തികച്ചും ഒരു റെട്രോ സ്റ്റൈല്‍ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റേയും ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

◾ ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ് 'റേച്ചല്‍' ജനുവരി 10ന് അഞ്ച് ഭാഷകളിലായി എത്തും. സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പുതിയ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെയാണ് പോസ്റ്ററില്‍ കാണാനാവുന്നത്. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായാണ് റേച്ചല്‍ എത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

◾ ഹോണ്ട അമേസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഹോണ്ട കാര്‍സ് ഇന്ത്യ. 7.99 ലക്ഷം രൂപ മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ്ന്റ് സിസ്റ്റം സുരക്ഷാ ഫീച്ചറോടെ എത്തുന്ന പോക്കറ്റിലൊതുങ്ങുന്ന കാറാണിത്. രാജ്യത്ത് വില്‍ക്കുന്ന എല്ലാ മോഡലുകളിലും അഡാസ് ഫീച്ചറുണ്ടെന്ന പ്രത്യേകതയും ഇതോടെ ഹോണ്ട സ്വന്തമാക്കി. 2013 ഏപ്രിലില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ഹോണ്ട അമേസിന്റെ മൂന്നാം തലമുറയാണ് ഇപ്പോഴത്തേത്. 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ എസ്.ഒ.എച്ച്.സി ഐ-വിടെക് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 88.76 ബി.എച്ച്.പി കരുത്തും 110 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനാണിത്. 5 സ്പീഡ് മാനുവല്‍ , സി.വി.റ്റി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. സി.വി.റ്റിയില്‍ ലിറ്ററിന് 19.46 കിലോമീറ്ററും മാനുവലിന് ലിറ്ററിന് 18.65 ലിറ്ററും മൈലേജ് ലഭിക്കും. വി, വി.എക്‌സ്, ഇസഡ് എക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക.

◾ ഗഫൂര്‍ അറയ്ക്കലിന്റെ 'ദ കോയ' എന്ന നോവല്‍, മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ്. ഇന്ദുലേഖയില്‍നിന്നും ശാരദയില്‍നിന്നും മാത്രമല്ല നാലുകെട്ടില്‍നിന്നും ഖസാക്കിന്റെ ഇതിഹാസത്തില്‍നിന്നും കോയയിലേക്ക് നടന്നെത്താന്‍ വായനയില്‍ കുറച്ചധികം കിതയ്‌ക്കേണ്ടിവരും. ഒരേസമയം സൗഹൃദവും വിദ്വേഷവുമായി വേര്‍പിരിയാനാവുംവിധമുള്ള 'കോയ' എന്ന സംബോധനയില്‍ ഇരമ്പിമറിയുന്നത് അശാന്തസ്മരണകളാണ്. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്നൊരു ചെറിയ പ്രദേശം പോര്‍ച്ചുഗലിനുമപ്പുറമുള്ളൊരു സാംസ്‌കാരികാസ്തിത്വത്തിലേക്ക് വളരുന്നതിന്റെ നാടകീയവും ക്ഷോഭജനകവുംആര്‍ദ്രവുമായൊരാവിഷ്‌കാരമാണ് ദ കോയയില്‍ വൈരുദ്ധ്യപ്പെടുന്നത്. മാതൃഭൂമി. വില 380 രൂപ.

◾ കുളിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നത് ചര്‍മത്തിലെ നാച്ചുറല്‍ ഓയിലുകളും സെബവും ഇല്ലാതാകാന്‍ കാരണമാകും. ഇത് പലതരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് വഴിവെക്കും, പ്രത്യേകിച്ച് എക്സിമ. ദീര്‍ഘനേരം ഷവര്‍ ഉപയോഗിക്കുന്നതും സ്വിമ്മിങ് പൂളില്‍ നീന്തുന്നതൊക്കെ എക്സിമ ഗുരുതരമാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ലളിതമായി പറഞ്ഞാല്‍ ചര്‍മ്മത്തിന്റെ നീര്‍ക്കെട്ട് ആണ് എക്‌സിമ അഥവാ ഡെര്‍മടൈറ്റീസ്. ശരീരത്തിനുള്ളില്‍ നിന്നുള്ളതോ പുറമെ നിന്നുള്ള ഘടകങ്ങളോടുള്ള ശരീരത്തിന്റെ ഒരു തരം പ്രതികരണമാണ് എക്സിമ. ജനിതകകാരണങ്ങളും, അലര്‍ജിയും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമൊക്കെ എക്‌സിമയ്ക്ക് കാരണമാകാമെങ്കിലും ദീര്‍ഘനേരം ശരീരം വെള്ളവുമായി സമ്പര്‍ക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ചര്‍മം വിണ്ടുകീറുക, തൊലിയടരുക, ചൊറിച്ചില്‍, തടിപ്പ്, അരിമ്പാറ, ചര്‍മം പൊട്ടിയൊലിക്കുക, വലിഞ്ഞു മുറുകുക, കണ്ണിന് താഴെ കറുപ്പ് എന്നിവയാണ് എക്സിമയുടെ ലക്ഷണങ്ങള്‍. ശരീരം വൃത്തിയാകാന്‍ 15 മിനിറ്റ് വരെ കുളിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് നിങ്ങളുടെ ശരീരത്തില്‍ സ്വഭാവിക എണ്ണയെയും സെബവും ലോക്ക് ചെയ്യുകയും ചര്‍മ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അഞ്ച് രൂപ മാസം അടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ പലപ്പോഴും അവന്‍ ക്ലാസ്സിന് പുറത്തായിരിക്കും. ദാരിദ്ര്യമായിരുന്നു അവന്റെ ജീവിതത്തിന്റെ മുഖമുദ്ര. കച്ചവടക്കാര്‍ വഴിയരുകില്‍ കളയുന്ന ചീഞ്ഞ പച്ചക്കറികളില്‍ നിന്നും അധികം കേടാകാത്തതെടുത്ത് അമ്മ അവനുള്ള കറികളുണ്ടാക്കുന്നത് പലപ്പോഴും അവന്‍ സങ്കടത്തോടെ കണ്ടിട്ടുണ്ട്. ആറാം ക്ലാസ്സിലെത്തിയപ്പോള്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം ലഭിക്കുമായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ വിശപ്പില്ലാതാക്കിയിരുന്നത് ഈ ഉച്ചഭക്ഷണമായിരുന്നു. മധുരൈ സൗരാഷ്ട്രസ്‌കൂളില്‍ 6-ാം ക്ലാസ്സ് മുതല്‍ 10 വരെ NCC യും സാക്ഷരതാമിഷന്‍ പ്രവര്‍ത്തനങ്ങളും അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിന്റെ ഭാഗമായാണ് തന്നേക്കാള്‍ ദരിദ്രരായ, പഠനം ഒരു സ്വപ്നമായി മാത്രം മാറിയ കുട്ടികളെ കാണുന്നത്. ഈ കുട്ടികള്‍ക്ക് വേണ്ടി തനിക്കെന്തെങ്കിലും ചെയ്യണം. അതിന് ഉന്നതനിലയിലെത്തണം എന്ന സ്വപ്നം അവന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി. മധുരയിലെ രാജാ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് ബിരുദവും കോയമ്പത്തൂരിലെ ഗവ. കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്നും എന്‍ജിനീയറിങ്ങ് ഡിസൈനിങ്ങില്‍ ഗോള്‍ഡ് മെഡലോടെ MEയും പാസ്സായി. പാവങ്ങളെ സഹായിക്കാന്‍ IAS എന്ന മൂന്നക്ഷരത്തിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍ അതിനായി കഠിനമായി പരിശ്രമിച്ചു. അങ്ങനെ 3 വര്‍ഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ 2008 ല്‍ തന്റെ പേരിനോട് ചേര്‍ത്ത് അയാള്‍ IAS എന്ന മൂന്നക്ഷരം ചേര്‍ത്തുവെച്ചു. ഇത് രാജമാണിക്യം IAS ന്റെ കഥ.. 2009 ജൂണില്‍ തൃശ്ശൂരില്‍ അസി. കളക്ടറായി തന്റെ സ്വപ്നയാത്രയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഇന്ന് കേരള റവന്യൂ ദേവസം സെക്രട്ടറിയായി തന്റെ ഔ

Post a Comment

Previous Post Next Post