ബേപ്പൂർ : വാട്ടർ ഫെസ്റ്റിന്റെ മുന്നോടിയായി ബീച്ചിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ഫുട്ബോൾ താരം സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക രംഗത്ത് വനിതകൾ കടന്നുവരുന്നത് സന്തോഷകരമാണെന്നും ടൂർണമെന്റിൽ വനിതാ ടീമുകളുടെ പങ്കാളിത്തം അഭിമാനകരമാണെന്നും സി.കെ.വിനീത് പറഞ്ഞു.
കൗൺസിലർ ടി.രജനി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രേമനാഥ്, കെഡിഎഫ്എ സെക്രട്ടറി സി.സജേഷ് കുമാർ, ഡിടിപിസി മാനേജർ നിഖിൽ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ബേപ്പൂർ ഫെസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നു നഗരത്തിൽ സ്കേറ്റിങ്ങും 22ന് മിനി മാരത്തണും അരങ്ങേറും. രാവിലെ 6ന് കോഴിക്കോട് നിന്നാരംഭിച്ച് ബേപ്പൂരിൽ സമാപിക്കുന്ന രീതിയിലാണ് മിനി മാരത്തൺ. പുരുഷൻമാർക്കും വനിതകൾക്കും വെവ്വേറെ മത്സരങ്ങൾ നടക്കും.
27ന് രാവിലെ 6ന് ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പതാകയും വഹിച്ച് നഗരത്തിൽ നിന്നു ബേപ്പൂരിലേക്കു സൈക്ലിങ് നടക്കും.